ബീഹാറില്‍ മസ്തിഷ്‌കജ്വരം; മരിച്ച കുട്ടികളുടെ എണ്ണം നൂറ് കവിഞ്ഞു ; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ കേസ്

ബീഹാറില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 126 ആയി. മരണ സംഖ്യ ഉയരുന്നതില്‍ കടുത്ത ഭീതിയിലാണ് ബീഹാര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥമൂലമാണ് കുട്ടികള്‍ മരിച്ചിരിക്കുന്നത്.മുസഫര്‍പൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നുള്ള ഒന്നിനും പത്ത് വയസിനും ഇടക്കുള്ള കുട്ടികളാണ് മരിച്ചവരില്‍ ഏറെയും.

നിരവധി കുട്ടികള്‍ ആശപപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെട്ടുത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അസുഖം വ്യാപിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

അതിനിടെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍, ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ കേസ്. മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് മതിയായ ബോധവല്‍ക്കരണം നടത്തിയില്ലെന്ന് പരാതിയുണ്ട്. സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത്.

മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്നതുമൂലം ജൂണ്‍ 22 വരെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.

തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എന്‍സിഫിലിറ്റിസ് സിന്‍ഡ്രോം എന്ന മസ്തിഷ്‌കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.