മുഖം മൂടി സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകനെ കണ്ടെത്തി

മുഖം മൂടി സംഘം തട്ടിക്കൊണ്ടുപോയ യുവ സംവിധായകന്‍ നിഷാദ് ഹസനെ തൃശൂര്‍ കൊടകരയില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ച് ബുധനാഴ്ചയാണ് യുവ സംവിധായകന്‍ നിഷാദ് ഹസനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. മുഖം മൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്ക് മര്‍ദ്ദനമേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുന്‍ നിര്‍മ്മാതാവ് സി ആര്‍ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞു.

നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുകയാണ്. നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.