റെയില്‍വേ സ്വകാര്യവല്‍ക്കരണം തുടരുന്നു ; 150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യ മേഖലയ്ക്ക്
റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടരുന്നു. തീരുമാനം സംബന്ധിച്ച് നീതി അയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് റെയില്‍വേ മന്ത്രാലയത്തിന് കത്തെഴുതി. തുടക്കത്തില്‍ 150 ട്രെയിനുകളും 50 റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.
150 തീവണ്ടികളും 50 റെയില്‍വേ സ്റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും അമിതാഭ് കാന്ത് തന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
നടപടിക്രമങ്ങള്‍ക്കായി പ്രത്യേക വിഭാഗത്തിന് രൂപംകൊടുക്കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവിനാണ് ചുമതല. പ്രത്യേക സമിതിയില്‍ അമിതാഭ് കാന്ത്, വി. കെ. യാദവ് എന്നിവരും സാമ്പത്തികകാര്യ ഹൗസിംഗ് നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും.
രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കേണ്ടതുണ്ട് എന്നതാണ് സ്വകാര്യവല്‍ക്കരണത്തിന് കാരണമായി അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ രാജ്യത്തെ 6 എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ച അതേ മാതൃകയില്‍തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍തന്നെ 50 സ്റ്റേഷനുകള്‍ സ്വകര്യമേഖലയ്ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, യാത്രാ തീവണ്ടികളുടെ സര്‍വീസുകള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ലഖ്നൗ- ഡല്‍ഹി പാതയില്‍ ഒക്ടോബര്‍ 4 മുതല്‍ ഓടിത്തുടങ്ങിയിരുന്നു. ജീവനക്കാരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് സര്‍ക്കാര്‍ സ്വകാര്യ നീക്കം തുടരുന്നത്.






