യുവാവ് തീ കൊളുത്തി കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

കാക്കനാട് : കളക്ടറേറ്റിന് സമീപം യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി തീകൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കരിച്ചു. യുവാവ് നേരത്തെ മരിച്ചിരുന്നു.

അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, വാതില്‍ തുറന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ പുറത്തേക്ക് ഓടിയതിനു പിന്നാലെ യുവാവ് വീടിനുള്ളിലേക്ക് കയറി സ്വയം തീക്കൊളുത്തുകയും ശേഷം പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. യുവാവ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്.

വൈകിട്ട് നാല് മണിയോടെ കാക്കനാടുള്ള പൊതു ശ്മാശനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആത്മഹത്യ ചെയ്ത യുവാവ് മിഥുന്റെ മൃതദേഹവും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സംഭവത്തില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ പിതാവ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.