പൗരത്വ നിയമ ഭേദഗതി നടത്തിപ്പ്; സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം

പൗരത്വ നിയമ ഭേദഗതി പല സംസ്ഥാനങ്ങളും എതിര്‍ക്കുന്നതിനെ തുടര്‍ന്ന് ഭേദഗതി നടപ്പാക്കുന്ന നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിയമ ഭേദഗതി നടത്തിപ്പ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിതിയില്‍ കൊണ്ട് വരാനാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം എടുത്തിരിക്കുന്നത്.

ജില്ലാ മജിസ്ട്രേറ്റിനെയിരുന്നു ആദ്യം ഉചിത അധികാരി നിശ്ചയിച്ചിരുന്നത്. ഈ സ്ഥാനത്ത് നിന്ന് ജില്ലാ മജിസ്ട്രേറ്റിനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാനും നീക്കമുണ്ട്. നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നും ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, എന്‍പിആര്‍ ചോദ്യാവലിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 2020 എപ്രിലില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്ന വിധത്തില്‍ സെന്‍സസ് നടപടികള്‍ക്ക് ഒപ്പമാകും ജനസംഖ്യാ രജിസ്റ്ററിന്റെയും വിവരശേഖരണം. അച്ഛന്റെയും അമ്മയുടെയും ജന്മസ്ഥലം ഏതെന്നത് ഉള്‍പ്പടെയുള്ള ചോദ്യങ്ങള്‍ പട്ടികയില്‍ ഉണ്ടായിരുന്നു. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം തൃപ്തികരമാണെന്ന വിലയിരുത്തലാണ് ബന്ധപ്പെട്ട ഏജന്‍സി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

2019 സെപ്തംബര്‍ മാസത്തില്‍ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ചോദ്യാവലികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിവരശേഖരണം നടന്നിരുന്നു. രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട 74 ജില്ലകളിലായിരുന്നു വിവരശേഖരണം. 30 ലക്ഷം പൗരന്മാരില്‍ നിന്നാണ് ചോദ്യാവലികള്‍ പൂരിപ്പിച്ച് വാങ്ങിയത്. 21 ചോദ്യങ്ങള്‍ അടങ്ങിയതായിരുന്നു പട്ടിക.