കാമുകനെ തലയ്ക്കടിച്ച് കൊന്ന സീരിയല്‍ നടി പിടിയില്‍

രഹസ്യബന്ധം തുടരാന്‍ നിര്‍ബന്ധിച്ച കാമുകനെ സീരിയല്‍ നടി തലയ്ക്കടിച്ചു കൊന്നു. ചെന്നൈയിലെ തെയ്‌നാപേട്ടിലാണ് സംഭവം. മധുര സ്വദേശിയായ എം രവി (38) യെയാണ് തമിഴ് സീരിയല്‍ നടി എസ് ദേവി തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

ഞായറാഴ്ച പുലര്‍ച്ച ദേവിയെ അന്വേഷിച്ച് രവി കൊളത്തൂരിലെ ദേവിയുടെ സഹോദരി ലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ലക്ഷ്മിയെ കൊണ്ട് ദേവിയെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവുമായി ലക്ഷ്മിയുടെ വീട്ടിലെത്തിയ ദേവിയുമായി രവി വാക്കേറ്റത്തിലായി. തര്‍ക്കം മൂത്തതോടെ രവിയെ ദേവി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം ദേവി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ ദേവിയുടെ ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, അവരുടെ ഭര്‍ത്താവ് സാവരിയാര്‍ എന്നിവരേയും ചെന്നൈ രാജമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

എട്ട് വര്‍ഷം മുമ്പാണ് സിനിമ ടെക്‌നീഷ്യനായ രവിയും ദേവിയും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പാണ് ദേവിയുടെ ഭര്‍ത്താവും വീട്ടുകാരും അറിയുന്നത്. തുടര്‍ന്ന് രവിയുമായുള്ള ബന്ധം ദേവി നിര്‍ത്തിയിരുന്നു. എന്നാല്‍ ബന്ധം തുടരണം എന്ന നിലയില്‍ രവി ദേവിയെ സ്ഥിരം ശല്യപ്പെടുത്തുകയായിരുന്നു.