BCCI വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്തു

BCCIയുടെ വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം വരെ BCCIയുടെ കളിക്കാര്‍ക്കു വേണ്ടിയുള്ള വാര്‍ഷിക കരാറിലെ അഞ്ചുകോടി രൂപ ലഭിക്കുന്ന Grade A ലിസ്റ്റിലായിരുന്നു എം.എസ് ധോണിയുടെ സ്ഥാനം. എന്നാല്‍ ഇത്തവണ BCCIയുടെ നാല് പട്ടികയിലും ധോണിയില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് Grade A+ കരാറാണുള്ളത്. 27 താരങ്ങളാണ് BCCIയുടെ വാര്‍ഷിക കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന് ശേഷം ധോണി മറ്റ് മത്സരങ്ങള്‍ക്കൊന്നും എത്താതിരുന്നതാണ് പുതിയ വര്‍ഷത്തെ കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. കൂടാതെ, ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ധോണി ക്രിക്കറ്റ് രംഗത്തെ ഭാവിപരിപാടികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല.

2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 2017ല്‍ മറ്റ് ക്രിക്കറ്റ് ഫോര്‍മാറ്റുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ധോണി വിരമിച്ചിരുന്നു. BCCI പുറത്തിറക്കിയ വാര്‍ഷിക കരാര്‍ ധോണിയുഗത്തിന് വിരമാമാവുകയാണോ? എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.