കൊറോണാ വൈറസ് : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളും ചിത്രങ്ങളും ഷെയര്‍ ചെയ്ത മൂന്ന് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടില്‍ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടില്‍ സിറാജുദ്ദീന്‍ (37) എന്നിവരെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസും പഴയന്നൂര്‍ വടക്കേത്തറ കുന്നത്ത് വീട്ടില്‍ ശബരി (28) എന്നയാളെ പഴയന്നൂര്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 (ഒ) വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച പുനല്ലൂര്‍ സ്വദേശി അനീഷ് ജോര്‍ജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവരും കേസില്‍ പ്രതിയാവും.

കേരളത്തില്‍ കൊറോണ ബാധ സ്ഥിതീകരിച്ചതിനു പിന്നാലെ കൊറോണ സംബന്ധിച്ചുള്ള ധാരാളം വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ധാരാളം വ്യാജ പോസ്റ്റുകളും ഇത്തരത്തില്‍ വന്നിരുന്നു. അവ പ്രച്ചരിപ്പിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.