വയസ് കുറച്ചു പറഞ്ഞ് പറ്റിച്ച ലിവ് ഇന്‍ പങ്കാളിയായ 44 കാരിക്കെതിരേ പരാതിയുമായി പ്രവാസി യുവാവ്

തന്റെ ലിവ് ഇന്‍ പങ്കാളിയായ സ്ത്രീയ്ക്ക് എതിരെ പരാതിയുമായി പ്രവാസി യുവാവ്. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് സ്ത്രീ തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍ അവിചാരിതമായി പാസ്‌പോര്‍ട്ട് കണ്ടപ്പോഴാണ് പങ്കാളിയ്ക്ക് 20 വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു.

യുവാവിനെ പറ്റിക്കാന്‍ കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിംഗ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായും പൊലീസ് അറിയിച്ചു. അതേസമയം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രവാസിക്കെതിരെ സ്ത്രീയും മറ്റൊരു പരാതി നല്‍കിയിട്ടുണ്ട്.