ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി എസ്ബിഐ

ലോക്ക് ഡൌണ്‍ ആരംഭിച്ചതിനു ശേഷം ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെ ഉപയോഗവും കൂടിക്കഴിഞ്ഞു. ബാങ്കില്‍ പോകാനോ പണമിടപാടുകള്‍ നേരിട്ട് നടത്താനോ സാധിക്കാത്തത് കൊണ്ട് മിക്കവരും ഇപ്പോള്‍ ഇന്റര്‍നെറ്റ് ബാങ്കിംഗിന് പിന്നാലെയാണ്. അതേസമയം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ തട്ടിപ്പുകാരുടെ എണ്ണവും വര്‍ദ്ധിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

SBIയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജരൂപം നിര്‍മ്മിച്ചാണ് തട്ടിപ്പുകള്‍. ഈ വ്യാജ പേജിന്റെ സഹായത്തോടെ തട്ടിപ്പുകാര്‍ ഉടമകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പണം കൈക്കലാക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.SBI തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. SBIയുടെതെന്ന പേരില്‍ ഉടമയ്ക്ക് മെസേജ് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ മെസേജില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെയാണ് ഉടമയുടെ വിവരങ്ങള്‍ തട്ടിപ്പുകാരിലേക്ക് എത്തുന്നത്.

ഇത്തരം മെസേജുകള്‍ അവഗണിക്കണമെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും SBI ട്വീറ്റില്‍ പറയുന്നു. കൂടാതെ, ഇത്തരം തട്ടിപ്പുകാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഐഡികളിലേക്ക് മെയില്‍ അയക്കണമെന്നും ട്വീറ്റില്‍ പറയുന്നു. http://www.onlinesbi.digital എന്ന വ്യാജ ലിങ്കിലൂടെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് വിവരങ്ങളും പാസ്വേര്‍ഡും അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് SBI മുന്നറിയിപ്പ് ട്വീറ്റില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം മെസേജുകള്‍ വന്നാല്‍ മറുപടി കൊടുക്കാതെ ഇരിക്കുക.