മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ കേരളത്തിൽ എത്തിയത് എട്ട് പാഴ്സലുകൾ
സരിത്തും സ്വപ്ന സുരേഷും 2019 മുതൽ സ്വർണ കടത്ത് നടത്തിയിരുന്നതായി കസ്റ്റംസ്. ആറുതവണയായി 100 കോടി വിലവരുന്ന സ്വർണമാണ് കടത്തിയതെന്നും സരിത്ത് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകളാണ് വന്നത്. ഇതോടെയാണ് കസ്റ്റംസിന് സംശയം തോന്നിയത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു.
ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നി പേരിലായിരുന്നു ഇവ എത്തിയത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്. ഇതാണ് വമ്പൻ സ്വർണക്കടത്തിന്റെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്.
ഇത്തവണ ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരിൽ വന്ന പാഴ്സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം ജനിപ്പിച്ചത്.
ജനീവാ കൺവെൻഷൻ അനുസരിച്ച് നയതന്ത്ര ബാഗേജുകൾ തുറന്നുപരിശോധിക്കാൻ ആർക്കും അധികാരമില്ല.
ഇത്തരമൊരു പാഴ്സൽ തുറക്കണമെങ്കിൽ യുഎഇ അംബാസഡർ അനുമതി നൽകുകയോ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാൻ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡൽഹിയിലെ യുഎഇ അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കിയോടെ അവർ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു. തുടർന്നായിരുന്നു പരിശോധന. അതോടെയാണ് രാജ്യം തന്നെ ഞെട്ടിയ വമ്പൻ കള്ളക്കടത്തു ലോകം അറിയുന്നത്.








