ആരാണ് ഈ സ്വപ്‌ന ; ഇത്രയും വലിയ കള്ളക്കടത്തു നടത്താൻ സഹായം നൽകിയത് ആര് ?
കേരള രാഷ്ട്രീയ ചരിത്രത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി മുഴങ്ങിക്കേൽക്കുന്ന ഒരു പേരാണ് സ്വപ്നാ സുരേഷ്. രാജ്യദ്രോഹം ആയ ഒരു കൊടും കുറ്റം ചെയ്യാൻ സ്വപ്നക്ക് സഹായം എവിടന്നു കിട്ടി. ആരാണ് ഈ സ്വപ്നാ സുരേഷ്. അബുദാബിയിലാണ് സ്വപ്ന സുരേഷ് ജനിച്ചത്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി.
പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി. തിരുവനന്തപുരത്തുള്ള ഒരു സിനിമാ താരവുമായുള്ള സ്വപ്നയുടെ അവിഹിതബന്ധമാണ് വിവാഹമോചനത്തിന് കാരണമായത് എന്ന് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭരണകക്ഷിയിലെ ഒരു പ്രമുഖന്റെ മകനാണ് ആ നടൻ എന്നും വാർത്തകൾ ഉണ്ട്.
ബിരുദം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയിൽ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.

വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി. കഴിഞ്ഞവർഷം യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
കോൺസുലേറ്റിലെ ജോലി ഇല്ലാതായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരായും സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ഇത് ആറുമാസം കരാർ ആയിരുന്നു എന്നാണ് ഐ ടി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചായിരുന്നു ഐടി വകുപ്പിൽ സ്വപ്ന ജോലി ചെയ്തത്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.
എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫീസർ എൽഎസ് സിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. സിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ അന്വേഷണ സമിതിക്ക് മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചിരുന്നില്ല.
ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു.
2019 നവംബറിൽ കോൺസുലേറ്റിലെ ജോലി മതിയാക്കി എങ്കിലും ആ ബന്ധം ശക്തമായിരുന്നു എന്നാണ് തെളിവുകൾ. 2019 ഡിസംബർ മൂന്നിന് കോൺസുലേറ്റിൽ നടന്ന യു എ ഇ യുടെ നാല്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സ്വപ്ന. ഇതിനു തെളിവായി കോൺസുലേറ്റിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളുമുണ്ട്. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി.
സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.
അതുപോലെ ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടുതല്‍ അടുക്കാന്‍ അവസരം ഒരുക്കി കൊടുത്തതു ദുബായിയിലെ ഇടതു സഹായാത്രികനായ മാധ്യമ പ്രവര്‍ത്തകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.
ദുബായി രാജകുടുംബത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വപ്ന ദുബായിയിലെത്തുന്ന ഉന്നത നേതാക്കൾക്ക് അറബികള്‍ മാത്രം എത്തുന്ന നിശാ ക്ലബുകളില്‍ കയറാന്‍ അവസരമൊരുക്കിയിരുന്നതായി സ്വപ്നയുടെ ഡ്രൈവറായിരുന്ന യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്.








