സിനിമ തിയറ്ററുകളും ജിംനേഷ്യവും തുറക്കുവാന്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ തയ്യാറാകുന്നു

ഓഗസ്റ്റ് ഒന്നുമുതല്‍ രാജ്യത്ത് അണ്‍ലോക്ക് 3 ഘട്ടത്തിന്റെ ഭാഗമായി സിനിമ തിയറ്ററുകളും ജിമ്മും തുറന്നേക്കുവാന്‍ സാധ്യത. ഇതിനായി വിവിധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയവിനിമയം പുരോഗമിക്കുകയാണ്. സിനിമാ ഹാളുകള്‍ തുറക്കാന്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”അതെ, ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ആഭ്യന്തരമന്ത്രാലയത്തിന്റേതായിരിക്കും,” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു തിയറ്ററിലെ 25% ഇരിപ്പിടങ്ങള്‍ അനുവദിച്ചുകൊണ്ട് തുറക്കുന്നതിന് മുമ്പ് ഐ & ബി മന്ത്രാലയം സിനിമാ ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നു.

അന്തിമ തീരുമാനം അനുസരിച്ച് 25% ഇരിപ്പിടങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെങ്കില്‍ അത് തിയറ്റര്‍ ഉടമകള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ചെന്നൈ രോഹിണി സില്‍വര്‍സ്‌ക്രീന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നികിലേഷ് സൂര്യ പറഞ്ഞു. ‘25% ഇരിപ്പിടങ്ങളോടെ തുറക്കുന്നത് വലിയ സഹായമാകില്ല. 50% ഇരിപ്പിടങ്ങള്‍ അനുവദിച്ചാലും പ്രവര്‍ത്തനച്ചെലവ് പോലും കൂടുതലാകും. പക്ഷേ 25 ശതമാനം ഇരിപ്പിടങ്ങളോടെ തുറക്കാന്‍ അനുവദിക്കുന്നത് നല്ലതാണ്. പ്രവര്‍ത്തനം വിലയിരുത്തി കൂടുതല്‍ ഇളവുകള്‍ നല്‍കാമല്ലോ,’ അദ്ദേഹം പറഞ്ഞു.

സീറ്റുകള്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുകയും തിയേറ്ററുകള്‍ ശുചിത്വവല്‍ക്കരിക്കുകയും ഷോകള്‍ക്കിടയില്‍ കൂടുതല്‍ ഇടവേളകള്‍ നല്‍കുകയും സിനിമ കാണല്‍ ഒരു സുരക്ഷിത അനുഭവമാക്കി മാറ്റുകയും ചെയ്യാമെന്ന് തിയറ്റര്‍ ഉടമകള്‍ വാദിക്കുന്നു. എന്നിരുന്നാലും, രോഗബാധയുള്ള ഒരാളെങ്കിലും വന്നാല്‍ തിയേറ്ററിനുള്ളിലെ എയര്‍ കണ്ടീഷനിംഗ് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

ജിംനേഷ്യം ഉടമകളും ഇതേ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, അണ്‍ലോക്ക് 3ല്‍ ആഭ്യന്തരമന്ത്രാലയം ജിമ്മുകള്‍ക്ക് പരിമിതമായ പ്രവര്‍ത്തനം അനുവദിച്ചേക്കുമെന്നാണ് അറിയുന്നത്. നിശ്ചിത ബാച്ച് സമയം, ഉപകരണങ്ങളുടെ ശുചിത്വം, ഒരു സമയത്ത് പരിമിതമായ എണ്ണം ആളുകള്‍ എന്നിവ നിര്‍ദ്ദേശിച്ചിട്ടുണ്ട്.