കരിപ്പൂരില്‍ തകര്‍ന്ന വിമാനമിറങ്ങിയത് ദിശതെറ്റി ; അപ്രോച്ച് റെഡാര്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചില്ലെന്ന് സൂചന

കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പെട്ട വിമാനമിറങ്ങിയത് ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ (എടിസി) പ്രാഥമിക റിപ്പോര്‍ട്ട്. സാധാരണ വിമാനമിറങ്ങുക കാറ്റിന് എതിര്‍ ദിശയിലാണ്. എന്നാല്‍ കാറ്റ് അനുകൂലമായ ദിശയിലാണ് വിമാനമിറക്കിയത്. ഇത് ടെയില്‍ വിന്‍ഡ് പ്രതിഭാസത്തിന് കാരണമാകുകയും കാറ്റിനനുസരിച്ച് വിമാനത്തിന്റെ വേഗം കൂടുകയും ചെയ്തു. പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന്‍ ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കിയെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുപോലെ വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത് ഏറെ മുന്നോട്ട് നീങ്ങിയാണെന്നാണ് കണ്ടെത്തല്‍. ഏറ്റവും പ്രധാനം അപകടം നടക്കുന്ന സമയം വിമാനത്താവളത്തിലെ അപ്രോച്ച് റെഡാര്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ്. കനത്ത മഴയുണ്ടായിരുന്നിട്ടും വിമാനം ഇറങ്ങുന്നതിന് കൃത്യത നല്‍കുന്ന അപ്രോച്ച് റെഡാര്‍ പ്രവര്‍ത്തിപ്പിച്ചില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളാണ് റെഡാര്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. അപ്രോച്ച് റെഡാര്‍ സംവിധാനം എന്നാല്‍ വിമാനം ഇറങ്ങുന്നതിന് നല്‍കുന്ന കമ്പ്യൂട്ടറൈസ് അസിസ്റ്റന്‍സാണ്.

വിമാനത്തിന്റെ വേഗവും വരവും പരിശോധിച്ച് ആ വിമാനം റണ്‍വെയില്‍ എവിടെയാകും ഇറങ്ങുകയെന്ന് കണക്കാക്കി വിവരം നല്‍കുകയും ആ ലാന്റിങ്ങില്‍ പിഴവുണ്ടെങ്കില്‍ തിരുത്തി എവിടെ ഇറങ്ങണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണ് അപ്രോച്ച് റെഡാര്‍ സംവിധാനം. ഇത് നൈറ്റ് ലാന്റിങ് സംവിധാനമായ ക്യാറ്റഗറി ലാന്റിങ് 2 ( CAT 2) വിന്റെ ഭാഗമാണ്.

കനത്ത മഴയുള്ളപ്പോള്‍ ഈ സംവിധാനം നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ഇന്നലെ കനത്ത മഴയുണ്ടായിരുന്നിട്ടും കരിപ്പൂരില്‍ അപ്രോച്ച് റെഡാര്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് പ്രോസിഡ്യൂര്‍ ലാന്‍ഡിങ്ങാണ് പൈലറ്റ് നടത്തിയത്. ലാന്‍ഡിങ്ങിനുള്ള സാഹചര്യം സ്വയം വിലയിരുത്തി പൈലറ്റ് വിമാനം ഇറക്കുന്ന രീതിയാണ് പ്രോസിഡ്യൂര്‍ ലാന്‍ഡിങ്. മഴയും കാറ്റും ഇരുട്ടും കാരണം പ്രോസിഡ്യൂര്‍ ലാന്‍ഡിങ്ങില്‍ പാളിച്ചയുണ്ടാകാം. അതാകും ഒരു പക്ഷെ റണ്‍വെ വണ്‍ സീറോയില്‍ (1,0) യില്‍ പൈലറ്റ് വിമാനം ഇറക്കാന്‍ കാരണം. അതുപോലെ തന്നെ അക്വ പ്‌ളെയിനിങ് എന്ന പ്രതിസന്ധി വിമാനം ഇറക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.

വെള്ളം കെട്ടിയ റണ്‍വേയില്‍ വിമാനം ഇറക്കുമ്പോള്‍ വീലിനും റണ്‍വെയ്ക്കുമിടില്‍ വെള്ളം കയറിയിട്ട് ഒരു പാളി സൃഷ്ടിച്ച് അത് ലാണ്ടിങിന് ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് അക്വപ്‌ളെയിനിങ് എന്ന് പറുയന്നത്. വീലിന് തെറിപ്പിച്ച് കളയാന്‍ കഴിയുന്നതിനെക്കാള്‍ വെള്ളമുള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത്.

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു.