സ്വര്‍ണക്കടത്ത് കേസ് ; അന്വേഷണ സംഘത്തിന് യു.എ.ഇയില്‍ പോകാന്‍ അനുമതി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. പ്രതി ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ യു.എ.ഇയിലേക്ക് പോകുന്നത്. കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. എസ്പിയടക്കം രണ്ടംഗസംഘമാണ് ദുബായിലേക്കുപോകുന്നത്.
അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍.ഐ.എ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടുകയും ചെയ്തു. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.
എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യുഎഇ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് ഒരു ഫെഡറല്‍ കുറ്റമായാണ് യു.എ.ഇ കണക്കാക്കുന്നത്. അതിനാല്‍ ഫൈസലിനെ അബുദാബി പൊലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുണ്ട്.








