സംസ്ഥാനത്ത് 1420 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 1715
സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തി നേടി. കോവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 108 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 92പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 485 പേര്‍ക്ക് രോഗം ബാധിച്ചു. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. ഇന്ന് 787 പേര്‍ക്ക് ഇവിടെ രോഗം ഭേദമായി.
കാലവര്‍ഷക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇടുക്കി രാജമലയിലെ സംഭവത്തില്‍ 26 പേര്‍ മരിച്ചു. വെള്ളിയാഴ്ച 15ഉം ശനിയാഴ്ച 11 മൃതദേഹങ്ങളും കണ്ടെടുത്തു. അതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടില്ല. കരിപ്പൂരിലെ വിമാനദുരന്തത്തില്‍ 18 പേര്‍ മരിച്ചു. ഇപ്പോള്‍ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് അഭിമുഖീകരിക്കുന്നത്.
അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മുന്നില്‍ കണ്ണുകൊണ്ട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്. ഇവിടെ അതതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.








