എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് പോസിറ്റീവായവരുമായി യാത്ര ചെയ്തതിനാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടപടിയെടുത്തത്. ഒക്ടോബര്‍ രണ്ട് വരെയാണ് വിമാന സര്‍വീസിന് വിലക്കുള്ളത്.

യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പ് വരുത്തണമെന്നാണ് നിയമം. കോവിഡ് ടെസ്റ്റ് നടത്തി 96 മണിക്കൂറിനുള്ളിലാണ് യു.എ.ഇയിലേക്ക് യത്രക്കുള്ള അനുമതിയുള്ളത്. എന്നാല്‍ കോവിഡ് പോസിറ്റീവ് യാത്രക്കാരുമായി രണ്ട് തവണയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എമിറേറ്റിലെത്തിയത്.

ആഗസ്റ്റ് 28, സെപ്തംബര്‍ നാല് ദിവസങ്ങളിലായിരുന്നു കോവിഡ് ബാധിതര്‍ ദുബൈയില്‍ എത്തിയത്. ഡല്‍ഹി, ജയ്പൂര്‍ എന്നിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായിരുന്നു കോവിഡ് പോസിറ്റീവായത്. ഡി.സി.സി.എയുടെ സസ്‌പെന്‍ഷന്‍ നോട്ടീസ് ലഭിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസും സ്ഥിരീകരിച്ചു.

വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 23 മുതല്‍ അന്താരാഷ്ട്രവിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.