സാങ്കേതിക പ്രവര്‍ത്തകര്‍ ഒരേ സമയം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിക്കരുത് എന്ന് നിര്‍മാതാക്കളുടെ സംഘടന

ഒരേസമയം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ സാങ്കേതിക പ്രവര്‍ത്തകര്‍ ജോലി ചെയ്യരുതെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് നിര്‍മാതാക്കളുടെ സംഘടന. ഇത് സംബന്ധിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് നല്‍കിയെന്നും കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യത ഉണ്ടാക്കുകയാണ് ഉദ്ദേശമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കെ ഒരാള്‍ ഒരേ സമയം പല സിനിമകളില്‍ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരുടെ തൊഴില്‍ അവസരത്തെ ഇല്ലാതാകും. ഇത് ഒഴിവാക്കാന്‍ ആണ് കത്തയച്ചതെന്നും സിനിമ തിരിച്ചു വരവിനു ഒരുങ്ങുമ്പോള്‍ ആര്‍ക്കും തൊഴില്‍ ലഭിക്കാതെ വരരുതെന്നും ഇതിന്റെ ഭാഗമായാണ് ഇടപെടല്‍ എന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.

നിലവില്‍ ചിലര്‍ക്ക് മാത്രമായി അവസരങ്ങള്‍ ചുരുങ്ങുന്ന സ്ഥിതിയാണ് മലയാള സിനിമയില്‍. കൊറോണ കാരണം ധാരാളം പേര്‍ തൊഴില്‍ ഇല്ലാതെ നില്‍ക്കുന്ന അവസരത്തിലാണ് ഇത്തരത്തിലുള്ള നടപടികള്‍ അരങ്ങേറുന്നത്.