ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

ബംഗ്ലൂര്‍ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായ ബിനീഷിനെ, കേസിലെ മറ്റു പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ബിനീഷ് നല്‍കിയ ജാമ്യാപേക്ഷ ഈ മാസം 18-ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ ഇ ഡി ഒരാഴ്ച സമയം ചോദിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി.

അറസ്റ്റ് നിയമപരമല്ലെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ വാദിച്ചു. ബിനീഷിനെ കുടുക്കിയതാണ്. മാധ്യമങ്ങള്‍ അടക്കം തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. ബിനീഷിനെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമായാണ്. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തു. ജാമ്യം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടായി നല്‍കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു.

കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് അനുവദിക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അത് കോടതി തള്ളി. മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ചും അഭിഭാഷകന്‍ പരാതി ഉന്നയിച്ചു. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണമാണെന്നും അത് ഒഴിവാക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.