ഓസ്ട്രിയയില്‍ തീവ്രഇസ്ലാം അനുകൂലികളുടെ വീടുകളില്‍ റെയിഡ്: 25 ദശലക്ഷം യൂറോ പിടിച്ചെടുത്തു

വിയന്ന: നവംബര്‍ ആദ്യവാരം വിയന്ന നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ഓസ്ട്രിയ പോലീസ് രാജ്യത്ത് പലഭാഗത്തും റെയിഡുകള്‍ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപതോളം വീടുകള്‍, കടകള്‍, ക്ലബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏകദേശം 30 പേര്‍ അറസ്റ്റിലായി. 25 ദശലക്ഷം യൂറോ പിടിച്ചെടുത്തു.

തീവ്രവാദ സംഘടനയോടുള്ള ആഭിമുഖ്യം, ഗൂഢാലോചന, ഭരണകൂടത്തിനെതിരായ ബന്ധം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തിയാണ് അറസ്റ്റ്.

അതെ സമയം റെയിഡുകള്‍ വിയന്നയിലെ തീവ്രവാദ ആക്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ അല്ലെന്നു ഗ്രാത്സില്‍ നിന്നുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് പറയുന്നു.