പോളിയോ മരുന്നിനു പകരം നല്‍കിയത് സാനിറ്റയ്‌സര്‍ ; 12 കുട്ടികള്‍ ആശുപത്രിയില്‍

മഹാരാഷ്ട്രയിലെ യവത്മാലിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്.പോളിയോ തുള്ളി മരുന്നിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ തുള്ളിയായി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 5 വയസില്‍ താഴെ പ്രായമുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡോക്ടര്‍, നഴ്‌സ്, ആരോഗ്യ പ്രവര്‍ത്തക എന്നിവരെ പിരിച്ചുവിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ദേശീയ പള്‍സ് പോളിയോ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിക്കാനെത്തിയതായിരുന്നു കുട്ടികള്‍.

വാക്‌സിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ക്ക് തലചുറ്റുകയും ഛര്‍ദ്ദി ഉണ്ടാകുകയും ചെയ്തിരുന്നു. ശേഷം കുട്ടികളെ സമീപത്തെ വസന്തറാവു മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ആരോഗ്യനില മെച്ചപ്പെടുന്നവരെ ഉടന്‍തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും ആശുപത്രി ഡീന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം വിശദമായ അന്വേഷണത്തിന് ശേഷമേ എന്താണ് നടന്നത് എന്ന് പറയുവാന്‍ കഴിയു എന്ന് പോലീസ്. അട്ടിമറി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.