ഡോ. പ്രതീഷ് ഗാന്ധി – ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് മെഡിക്കല്‍ ഓഫിസര്‍

പി പി ചെറിയാന്‍

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കനും ഓസ്റ്റിന്‍ പീപ്പിള്‍സ് കമ്മ്യൂണിറ്റി ക്ലിനിക്ക് അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രതീഷ് ഗാന്ധിയെ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് മെഡിക്കല്‍ ഓഫിസറായി പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. ടെക്‌സസ് യൂണിവേഴ്‌സിറ്റി ഡെല്‍ മെഡിക്കല്‍ സ്‌കൂള്‍ ഫാക്കല്‍റ്റി അംഗം കൂടിയാണു പ്രതീഷ്.

ഇന്ത്യയില്‍ നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകനാണ് അദ്ദേഹം. ഹൂസ്റ്റണിലാണു താമസം. ടെക്‌സസിലെ ഇന്‍ഷുറന്‍സ് ഇല്ലാത്ത 16,000 രോഗികളെ ചികിത്സിക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ചുമതല വഹിക്കുന്ന പ്രതീഷ് പോപുലേഷന്‍ ഹെല്‍ത്ത്, പിഡിയാട്രിക്‌സ് വിഭാഗത്തില്‍ വിദഗ്ധനാണ്.
ടഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദമെടുത്തു, അവിടെ തന്നെ റസിഡന്‍സി ചെയ്ത ഡോക്ടര്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ വിദ്യാര്‍ഥിയായിരുന്നു.

ടെക്‌സസ് പത്താമത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. റണ്‍ ഓഫില്‍ എത്തിയെങ്കിലും റണ്‍ ഓഫില്‍ പരാജയപ്പെടുകയായിരുന്നു. ഗാന്ധിയുടെ സേവനം ഞങ്ങള്‍ക്ക് നഷ്ടപ്പെടുമെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളും പരിചയസമ്പത്തും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിന്റെ ആരോഗ്യമേഖലക്കു ഒരു മുതല്‍ കൂട്ടായിരിക്കുമെന്ന് പീപ്പിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റജിനാ അഭിപ്രായപ്പെട്ടു.