തപ്‌സി ; അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

പ്രമുഖ ബോളിവുഡ് സംവിധായകന്‍ സംവിധായകന്‍ അനുരാഗ് കശ്യപ്,നടി താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. മുംബൈയിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പ് കേസിലാണ് റെയ്ഡ് നടത്തുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. ഏജന്‍സിയുടെ ഒന്നിലധികം സംഘങ്ങള്‍ മുംബൈയിലും അല്ലാത്തിടത്തുമായി ഏകദേശം 22 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഫാന്റം ഫിലിംസിന്റെ പരിസരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ചലച്ചിത്ര നിര്‍മാതാവ് മധു മന്തേനയുടെ വസതിയും ഓഫീസും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് അനുരാഗ് കശ്യപ്, താപ്‌സി പന്നു, ബാല്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകരിച്ചിരുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്‌സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. പൌരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പെടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്‌സി പന്നുവും പ്രതികരിച്ചിട്ടുണ്ട്.