മലയാളം മിണ്ടരുത് ; നഴ്സുമാര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയുടെ ഉത്തരവ്
ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കാന്‍ വിലക്ക്. ഡല്‍ഹി ഗോവിന്ദ് ബല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാഡ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (GIPMER) ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തി എന്ന വിവരം ‘ദി ഹിന്ദു’വാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിച്ചില്ലെങ്കില്‍ ഗുരുതര നടപടി നേരിടേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപനത്തില്‍ മലയാളം ഭാഷ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. രോഗികള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ഭാഷ മനസിലാക്കാന്‍ സാധിക്കാത്തത് അസൗകര്യം സൃഷ്ടിക്കുന്നു എന്നാണ് മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
GIPMER ജോലിസ്ഥലങ്ങളില്‍ ആശയവിനിമയത്തിനായി മലയാള ഭാഷ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചു. രോഗികള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ഈ ഭാഷ അറിയില്ല എന്നത് നിസ്സഹായ അവസ്ഥയും ഒപ്പം അസൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ ആശയവിനിമയത്തിനായി ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉപയോഗിക്കാന്‍ എല്ലാ നഴ്‌സിംഗ് ജീവനക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ ഗുരുതരമായ നടപടി സ്വീകരിക്കും’. എന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. ‘GIPMERല്‍ 300-350 ഓളം മലയാളി നഴ്‌സിംഗ് സ്റ്റാഫുകളാണുള്ളത്. രോഗികളോട് ഇവര്‍ ഹിന്ദിയില്‍ മാത്രമാണ് സംസാരിക്കാറുള്ളത്. മലയാളത്തില്‍ സംസാരിച്ചാല്‍ അവര്‍ക്കെന്തെങ്കിലും മനസിലാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞങ്ങള്‍ പരസ്പരം പോലും മലയാളം പറയരുതെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. ഹോസ്പിറ്റല്‍ നഴ്‌സസ് യൂണിയനിലും ഈ വിഷയം പരാതിയായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്’. സ്ഥാപനത്തിലെ ജീവനക്കാരിയായ ഒരു നഴ്‌സ് പറയുന്നു.
അതേസമയം സംഭവം വിവാദമായതോടെ ആശുപത്രിയില്‍ നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിച്ചു. തങ്ങളുടെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ നഴ്‌സിങ് സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ജോലി സ്ഥലത്ത് മലായാളം വിലക്കിക്കൊണ്ടുള്ള നഴ്‌സിംഗ് സൂപ്രണ്ടിന്റ നടപടിക്ക് എതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഭാഷാപരമായ വ്യത്യാസത്തിന്റെ പേരില്‍ ഉള്ള വിവേചനം അംഗീകരിക്കാന്‍ ആകില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് ശശി തരൂര്‍ എംപി പ്രതികരിച്ചത്. അതേസമയം സംഭവത്തില്‍ ആശങ്ക അറിയിച്ചു KC വേണുഗോപാല്‍ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന് കത്ത് നല്‍കി. നഴ്സിംഗ് സുപ്രണ്ടിന്റെ ഉത്തരവിനെതിരെ നഴ്‌സിംഗ് സംഘടനകളും വിമര്‍ശനമുന്നയിച്ചിരുന്നു.









