പെട്രോളിന് മൂന്നു രൂപ കുറച്ചു തമിഴ് നാട് സര്‍ക്കാര്‍

പെട്രോള്‍ ലിറ്ററിന് മൂന്നു രൂപ കുറച്ചു തമിഴ് നാട് സര്‍ക്കാര്‍. രാജ്യത്തെ എണ്ണക്കമ്പനികള്‍ അടിക്കടി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനിടെയാണ് എക്സൈസ് നികുതിയിനത്തില്‍ ലഭിക്കേണ്ട മൂന്നു രൂപ തമിഴ്നാട് വേണ്ടെന്നു വച്ചത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അവതരിപ്പിച്ച ബജറ്റിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പ്രതിവര്‍ഷം 1160 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവഴി സര്‍ക്കാറിനുണ്ടാകുക. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരമാണ് പെട്രോളിന്റെ നികുതി കുറയ്ക്കുന്നതെന്ന് ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. ഡീസല്‍ സബ്സിഡിയില്‍ നിന്നുള്ള 750 കോടി പൊതുഗതാഗത സംവിധാനത്തിനായി മാറ്റിവയ്ക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.

ഇത് കൂടാതെ സംസ്ഥാനത്തിനായി പ്രത്യേക വിദ്യാഭ്യാസ നയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രസവാവധി 12 മാസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ആറു കോടി രൂപയും അനുവദിച്ചു. അര്‍ഹരായ കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം ആയിരം രൂപ, കോയമ്പത്തൂരില്‍ അഞ്ഞൂറേക്കറില്‍ പ്രതിരോധ പാര്‍ക്ക്, വനിതകളുടെ സൗജന്യ ബസ് യാത്രയ്ക്കായി 703 കോടി, ഭക്ഷ്യ സബ്സിഡിക്കായി എണ്ണായിരം കോടി, മുഖ്യമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കായി 1046 കോടി, ജല്‍ശക്തി പദ്ധതിക്കായി 2000 കോടി, ഗ്രാമീണ പാര്‍പ്പിട പദ്ധതിക്കായി 3800 കോടി എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍. നിലവില്‍ 103 രൂപയ്ക്ക് മുകളില്‍ ആണ് രാജ്യത്തു പെട്രോള്‍ വില. 103.83 പൈസയാണ് കേരളത്തില്‍ പെട്രോള്‍ വില.