കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത സംഭവം ; പൊലീസുകാരനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കരുനാഗപ്പള്ളി : കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആദിനാട് സ്വദേശി മനുവിന്റെ ചാര്‍ളിയെന്ന കുതിരയെയാണ് കരുനാഗപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫീസറായ ബക്കറിനെതിരെ കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. സുഹൃത്തിന് കുതിരയെ വാങ്ങാനായി രാജസ്ഥാനിലേക്ക് പോകേണ്ടിവന്നപ്പോഴാണ് കരുനാഗപ്പള്ളി സ്വദേശി മനു സമീപവാസിയും, അശ്വസേനാംഗവുംമായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബക്കറിനെ കുതിരയെ നോക്കാന്‍ ഏല്‍പ്പിക്കുന്നത്. ഇയാളുടെ വീട്ടില്‍ കുതിരകളുണ്ട്. എന്നാല്‍ കുതിര കയ്യില്‍ കടിച്ചെന്ന് പറഞ്ഞ് ബക്കര്‍ മനുവിനെ വിളിച്ചിരുന്നു.

ഇത് പ്രകാരം കുതിരയെ തിരിച്ചു കൊണ്ടുവരുവാനായി , മനുവിന്റെ സുഹൃത്ത് എത്തിയപ്പോള്‍ കുതിരയുടെ നാലുകാലുകളും ചേര്‍ത്ത് കെട്ടി മറിച്ചിട്ട നിലയിലായിരുന്നെന്നു മനു പറയുന്നു. മര്‍ദ്ദനത്തില്‍ കുതിരയുടെ കണ്ണുകളും തകര്‍ന്ന നിലയിലായിരുന്നു. കണ്ണില്‍ അടിയേറ്റ കുതിരയുട കാഴ്ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടു. കാലുകളിലും മുതുകത്തും മുറിവുകളുണ്ട്. പോലീസുകാരന്‍ പട്ടിയെ വിട്ട് കടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന കുതിര ഇപ്പോള്‍ അവശനിലയിലാണ്. മനുവിനെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കരുനാഗപ്പള്ളി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥനായ ബക്കറിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കരുനാഗപ്പള്ളി പോലീസ് നല്‍കിയത്.