റെക്കോഡ് പുതുവത്സര മദ്യ വില്‍പന ; ഇത്തവണയും ഒന്നാമന്‍ തിരുവനന്തപുരം

ക്രിസ്തുമസ് പോലെ പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 കോടി രൂപയുടെ വര്‍ധനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടിയായിരുന്നു. ഇത്തവണയും തിരുവനന്തപുരം ഒന്നാമന്‍ ആയി. ഏറ്റവുമധികം വില്‍പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വിറ്റു.

ക്രിസ്മസിന്റെ തലേനാള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. ഇതും റെകോര്‍ഡ് വില്‍പനയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. അന്നും തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. കൊറോണയുടെ പേരില്‍ സംസ്ഥാനത്തു രാത്രി കര്‍ഫ്യുവും അതുപോലെ ന്യു ഇയര്‍ പാര്‍ട്ടികള്‍ക്ക് നിരോധനവും നടത്തിയിരുന്നു. ഇല്ലായിരുന്നു എങ്കില്‍ കണക്ക് ഇതിലും ഏറെ കൂടുമായിരുന്നു.