മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ; വിനോദസഞ്ചാരികളുടെ വാഹനം മണ്ണിനടിയില്‍പെട്ടു

ശക്തമായ മഴയില്‍ മൂന്നാര്‍ കുണ്ടളയില്‍ പുതുകടി സമീപം ഉരുള്‍പൊട്ടലുണ്ടായി. വിനോദ സഞ്ചാരികളുടെ വാഹനം മണ്ണിനടിയില്‍പെട്ടു. കോഴിക്കോട് നിന്നും എത്തിയ സഞ്ചാരികളുടെ വാഹനമാണ് മണ്ണിനടിയില്‍ പെട്ടത് രണ്ട് വാഹനങ്ങളിലാണ് സഞ്ചാരികള്‍ മുന്നാറില്‍ എത്തിയത്. മുന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഒരാളെ കാണാതായതായി സംശയമുണ്ട്. തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ക്കും പരിക്ക് ഇല്ലായെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയയെയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ മണ്ണിടിച്ചലില്‍ അകപ്പെട്ട വാഹനത്തില്‍ എല്ലാവരും സുരക്ഷിതരായി ഉണ്ടോ എന്ന് അറിയുവാന്‍ സാധിച്ചിട്ടില്ല. മേഖലയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്നാര്‍- വട്ടവട പാതയില്‍ ഗതാഗതം നിരോധിച്ചു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത് എന്നാണ് ഇപ്പോള്‍ കിട്ടിയ വിവരം. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മഴ നാളെയും തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.