കനത്ത തിരക്ക് ; ശബരിമലയില്‍ ദര്‍ശന സമയം ഒരു മണികൂര്‍ നീട്ടി

ഭക്തകോടികള്‍ ഒഴുകി എത്തുന്ന ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടി. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദര്‍ശന സമയം ഒരു മണികൂര്‍ നീട്ടി.പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കും.പ്രതിദിന ദര്‍ശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയില്‍ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളില്‍ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ തൃപ്തികരമായ ദര്‍ശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഓരോ ദിവസം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. 18 മണിക്കൂറാണ് നട തുറന്നിരുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം 19 മണിക്കൂറായി ഉയര്‍ത്തി. ഉച്ചക്ക് ഒന്നരവരെയും രാത്രി 11.30 വരെയും നട ദര്‍ശനമുണ്ടാകും. പ്രതിദിനം ദര്‍ശനം 90,000 പേര്‍ക്കായി പരിമിതപ്പെടുത്തും. നിലക്കലില്‍ പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കും. നിലക്കലിലും പമ്പയിലും ടോയ്‌ലറ്റ് സംവിധാനം സൗജന്യമായി നല്‍കും. അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും കുറയ്ക്കാനും തീരുമാനിച്ചു. അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും നടക്കുമ്പോള്‍ ഒന്നാമത്തെ വരിയില്‍ കൂടി ആളുകളെ കയറ്റിവിടും. ഹരിവരാസന സമയത്തും എല്ലാ വരികളില്‍കൂടിയും ഭക്തരെ കടത്തിവിടും. ശരംകുത്തിമുതല്‍ നടപ്പന്തല്‍ വരെ ഭക്തര്‍ക്ക് വെള്ളവും ബിസ്‌കറ്റും നല്‍കും. നിലക്കലില്‍ പാര്‍ക്കിങ്ങിനായി കൂടുതല്‍ സൗകര്യം ഒരുക്കും. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നുവെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.