ഗൂഗിളില്‍ നോക്കി പഠിച്ചു ഭാര്യയെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍

കൊലപാതക രീതി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘എങ്ങനെ ഒരാളെ കൊല്ലാം’ എന്ന് ഇയാള്‍ ഗൂഗിളില്‍ തിരഞ്ഞ് പഠിച്ച ശേഷമാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിലെ മോദിനഗര്‍ സ്വദേശി വികാസ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ സോണിയയാണ് കൊല്ലപ്പെട്ടത്. ഗൂഗിളില്‍ തിരഞ്ഞതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹാപൂര്‍ എസ്പി ദീപക് ഭുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും വഴക്കായി. തര്‍ക്കം കൊലപാതകത്തിലാണ് കലാശിച്ചത്. വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയപാതയില്‍ സോണിയ കൊള്ളയടിക്കപ്പെട്ടുവെന്നാണ് വികാസ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വികാസ് പറഞ്ഞത് പൊലീസ് വിശ്വസിച്ചില്ല. സംഭവസ്ഥലത്തെത്തിയ പൊലീസ് സോണിയയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യാനായി വികാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൂഗിളില്‍ എങ്ങനെ ഒരാളെ കൊല്ലാമെന്നും എവിടെ നിന്ന് തോക്ക് ലഭിക്കുമെന്നും ഇയാള്‍ ഫോണില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഫ്‌ലിപ്കാര്‍ട്ട് വഴി വിഷം വാങ്ങാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഇതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.