ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ടെമുവിന് ഇ യുവിന്റെ 200 മില്യണ്‍ യൂറോ പിഴ
ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡിഎസ്എ) ലംഘിച്ചതിന് ചൈനീസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനായ ടെമുവിന് 200 മില്യണ്‍ യൂറോ (ഏകദേശം 1,800 കോടി രൂപയിലധികം) പിഴ ചുമത്തിയതായി യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.
പ്ലാറ്റ്‌ഫോമിലൂടെ നിയമവിരുദ്ധവും അപകടകരവുമായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതില്‍ ടെമു പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കനത്ത നടപടി. യൂറോപ്യന്‍ കമ്മീഷന്‍ നടത്തിയ പരിശോധനയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചാര്‍ജറുകളും അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കളിക്കോപ്പുകളും ടെമു വഴി വില്‍ക്കുന്നതായി കണ്ടെത്തി.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ ടെമു ഈ മേഖലയില്‍ ഗൗരവമായ വീഴ്ച വരുത്തിയെന്നും യൂറോപ്യന്‍ കമ്മീഷന്‍ വക്താവ് വ്യക്തമാക്കി. 2024-ല്‍ പ്രാബല്യത്തില്‍ വന്ന ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരം വന്‍കിട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം തുടര്‍ന്നാല്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
പോരായ്മകള്‍ പരിഹരിക്കാന്‍ 2026 ഓഗസ്റ്റ് വരെ കമ്പനിക്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ടെമു ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യൂറോപ്യന്‍ വിപണിയില്‍ അതിവേഗം വളരുന്ന ടെമുവിന് ഈ പിഴ വലിയ തിരിച്ചടിയായേക്കും.







