ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷത്തിനിടെ പാരീസില്‍ വ്യാപക അക്രമം: 780 പേര്‍ അറസ്റ്റില്‍, 219 പേര്‍ക്ക് പരിക്ക്
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജി കിരീടം നേടിയതിനു പിന്നാലെ ഫ്രാന്‍സില്‍ വ്യാപക അക്രമം. ആഹ്ലാദപ്രകടനങ്ങള്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രാജ്യത്തുടനീളം 780 ലധികം ആളുകളെ പൊലീസ് അറസ്റ്റു ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷങ്ങളില്‍ 219 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമസംഭവങ്ങളില്‍ 57 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും 450 ലധികം ആളുകള്‍ ഇപ്പോഴും കസ്റ്റഡിയിലാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. പരിക്കേറ്റവരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. പാരീസിലെ റിംഗ് റോഡ് ഉപരോധിക്കാന്‍ അക്രമികള്‍ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു. പാരീസില്‍ മാത്രം മുന്നൂറോളം പേര്‍ ആദ്യം പിടിയിലായിരുന്നു. ഫ്രാന്‍സിലുടനീളമുള്ള 15 ഓളം നഗരങ്ങളില്‍ കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായതെന്നും അക്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ആഭ്യന്തര മന്ത്രി നുനെസ് വ്യക്തമാക്കി.
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ആഴ്‌സണലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് പിഎസ്ജി തങ്ങളുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ പാരീസിലെ ഷാംപ്‌സ്-എലിസീസില്‍ ഇരുപതിനായിരത്തോളം ആരാധകര്‍ തടിച്ചുകൂടുകയും ആര്‍ക്ക് ഡി ട്രയോംഫിന് സമീപമുള്ള തെരുവുകളിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇവര്‍ പാരീസിനെ ചുറ്റിയുള്ള പ്രധാന റിംഗ് റോഡ് ഉപരോധിച്ചെങ്കിലും പൊലീസ് എത്തി ഇവരെ തുരത്തുകയായിരുന്നു.
ആരാധകരില്‍ ചിലര്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് കടകള്‍ തകര്‍ക്കുകയും വിവിധയിടങ്ങളില്‍ തീയിടുകയും ചെയ്തതായി പാരീസ് പൊലീസ് അറിയിച്ചു. ഫ്രഞ്ച് തലസ്ഥാനത്തെ ആഡംബര മേഖലയായ എട്ടാം അരോണ്ടിസ്മെന്റിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ഒരു സംഘം ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ പിന്നീട് പൊലീസ് ഒഴിപ്പിച്ചു.
പിഎസ്ജി സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയ ആയിരത്തോളം വരുന്ന ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസ് രാത്രി മുഴുവന്‍ പരിശ്രമം നടത്തിയതായാണ് വിവരം. സൈക്കിളുകള്‍ ഉപയോഗിച്ച് അക്രമികള്‍ തീര്‍ത്ത താല്‍ക്കാലിക തടസ്സങ്ങള്‍ പൊലീസ് നീക്കം ചെയ്തു. ശനിയാഴ്ച രാത്രി 10 മണിയോടെ 45 പേരെ ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം മേയില്‍ പിഎസ്ജി ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോഴും പാരീസില്‍ സമാനമായ രീതിയില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്ന് പാരീസില്‍ 201 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഫ്രാന്‍സിലുടനീളം 500 ലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ക്കണ്ട് 8,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് കനത്ത ജാഗ്രതയിലായിരുന്നു പാരീസ് നഗരമെങ്കിലും അക്രമം തടയാനായില്ല.








