ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ലക്ഷ്യം നടപ്പിലാക്കാന്‍ സര്‍ക്കാര്‍

ഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാര്‍ലമെന്റില്‍ പാസാകാതെ വന്നതോടെ, ബില്ലുകള്‍ കൂടുതല്‍ ശക്തമായി തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും നിയമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പ്രതിപക്ഷ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും ഉണ്ടായ രാഷ്ട്രീയ തിരിച്ചടികള്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാക്കുമെന്നും, ഇത് അനുകൂല സാഹചര്യമൊരുക്കുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ ഏപ്രിലില്‍ ഭരണഘടന ബില്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലോക്‌സഭയില്‍ ലഭിക്കാതെ പോയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിന്റെ കരട് തയ്യാറാക്കാന്‍ തുടങ്ങിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഭേദഗതികള്‍ നിലവില്‍ 39 അംഗ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്.

നിയമം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് സമിതി അധ്യക്ഷന്‍ പി.പി ചൗധരി വ്യക്തമാക്കി. സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന വാരത്തില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. വിവിധ സംസ്ഥാന നിയമസഭകളുടെ കാലാവധി വ്യത്യസ്തമായതിനാല്‍, നിയമം ഘട്ടങ്ങളായി നടപ്പാക്കാനാണ് സാധ്യതയെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഡിഎംകെ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിച്ച് ബില്ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബിജെപി തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റിലെ പ്രാതിനിധ്യം നഷ്ടപ്പെടില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയാല്‍, ബില്ലിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവ് പ്രതികരിച്ചു.

മുന്‍പ് മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായാണ് ഇതിനെ എതിര്‍ത്തത്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാല്‍, സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ ഏകീകൃത വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, ഇതുവഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.