പ്രവാസലോകത്ത് പ്രകാശമാകാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ എത്തുന്നു; ഇരുപത്തഞ്ചിലധികം രാജ്യങ്ങളില്‍ ഡബ്‌ള്യു.എം.എഫിന്റെ യൂണിറ്റുകള്‍

ഇന്ത്യ, ഗള്‍ഫ്, അമേരിക്ക, യൂറോപ്, ആഫ്രിക്ക തുടങ്ങി ലോകമെമ്പാടുമുള്ള ഇരുപത്തഞ്ചിലധികം രാജ്യങ്ങളില്‍ ഡബ്‌ള്യു.എം.എഫിന്റെ യുണിറ്റ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്


കേരളത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയ്ക്ക് എന്നും ചാലകശക്തിയായി പ്രവര്‍ത്തിച്ചട്ടുള്ള ഏറ്റവും വലിയ വിഭാഗമാണ് പ്രവാസികള്‍ എന്നതില്‍ രണ്ടുപക്ഷമില്ല. അതേസമയം ഓരോ പ്രവാസിയും കടന്നു പോകുന്നത് അവാച്യമായ അനുഭവങ്ങളുടെ നേര്‍കാഴ്ച്ചയിലൂടെയാണ്. ഈ അനുഭവങ്ങളുടെ സമ്പത്തിനെ വിലയിരുത്തുമ്പോള്‍ പ്രവാസികളുടെ ഇടിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയതായി കാണാവുന്നതാണ്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ ജീവിതത്തിലും, ഔദ്യോഗിക മേഖലയിലും.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന ഗ്ലോബല്‍ സംഘടനയുടെ ഉദയവും പ്രവാസമെന്ന അനുഭവത്തെ സമ്പന്നമാക്കാനും, മലയാളികളുടെ ഇടയില്‍ ശ്കതവും സുസജ്ജവുമായൊരു നെറ്റ്‌വര്‍ക്ക് വ്യാപിക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ്. പുതിയ സംഘടന ഇതിനോടകം തന്നെ ഇരുപത്തഞ്ചിലധികം രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുകയും പ്രവര്‍ത്തനങ്ങളുടെ കരടുരേഖ അംഗങ്ങളുടെ ഇടയില്‍ അവതരിപ്പിക്കുയും ചെയ്തു. കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് സംഘടന വ്യാപിപ്പിക്കുക എന്നതാണ് നിയുകത നേതൃത്വത്തിന്റെ അടിയന്തിര ചുമതല. പ്രവാസികള്‍ കൂടുതല്‍ നിവസിക്കുന്ന രാജ്യങ്ങളില്‍ സംഘടനയ്ക്ക് കൃത്യമായ പ്രാതിനിധ്യം പൂര്‍ത്തിയാകുമ്പോള്‍, വിശദമായ പ്രവര്‍ത്തനങ്ങള്‍ സമയോജിതമായി പ്രഖ്യാപിക്കുന്നതാണ്.

മന്ത്രിമാര്‍ക്ക് നിവേദനം നല്‍കുക, സ്വീകരണം ഒരുക്കുക, അടുക്കും ചിട്ടയുമില്ലാതെ മെമ്പര്‍ഷിപ് കാര്‍ഡുകള്‍ വിതരണം ചെയ്യുക മുതലായ സ്ഥിരം കാര്യപരികള്‍ക്ക് പുറകെ പോകാതെ വിവിധ രാജ്യങ്ങളില്‍ ചിതറി ജീവിക്കുന്ന മലയാളികളുടെ ഇടയില്‍ ഏറ്റവും പുതിയ സാമൂഹ്യ സമ്പര്‍ക്ക, വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ സഹായത്തോടുകൂടി ഒരു നെറ്റ്‌വര്‍ക്ക് സാധ്യമാക്കി, ഉചിതമായ ഇടപെടലുകള്‍ നടത്തി പ്രവാസ ജീവിതം കൂടുതല്‍ ദീപ്തമാക്കുക എന്നതാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രവാസികളെ അവഗണിക്കുന്ന സമീപനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തുടര്‍ച്ചയായി സ്വാധീനം ചെലുത്താനും സംഘടനയുടെ നേതൃത്വം മുന്‍കൈ എടുക്കും. സകലതും നഷ്ടപ്പെട്ട് നാടണയുന്ന പ്രവാസികള്‍ക്കും, മറ്റു മേഖലകളിലും സഹായമാകുന്ന തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടനയുടെ മുഖമുദ്രയാകും.

സുന്ദരമോഹന വാഗ്ദാനങ്ങളും, അപ്രാപ്യമായ വസ്തുതകളും നിരത്തി, നിലവിലെ ഏതെങ്കിലും സംഘടനകള്‍ക്ക് ബദലായ ഒരു സംവിധാനം കൊണ്ടുവരികയല്ല വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) ലക്ഷ്യമിടുന്നത്. അതേസമയം പ്രവാസലോകത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും, ജനസമ്മതിയുള്ള മറ്റു സംഘടനകളുമായുള്ള നെറ്റ്‌വര്‍ക്ക് പങ്കാളിത്തവും സംഘടനയുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാണ്. ഡബ്‌ള്യു.എം.എഫ് ലോകമെങ്ങും വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഗ്ലോബല്‍ കോര്‍ കമ്മിറ്റി നിലവില്‍ വന്നട്ടിട്ടുണ്ട്. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) തുടങ്ങിയവര്‍ മറ്റു രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിയാലോചിച്ച് സംഘടനയുടെ ആദ്യഘട്ട വിപുലീകരണം പൂര്‍ത്തിയാക്കി വരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് +919446577797, +4917677189350, +966538302749 നമ്പറുകളില്‍ ബന്ധപ്പെടുക.