ആറ്റിങ്ങലില്‍ നിന്ന് അങ്ങ് ഹോളണ്ട്‌ വരെ റോഡ്‌ മാര്‍ഗം ഒരു യാത്ര ; താരമായി ഈ വാന്‍

15055719_18364 തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉള്ള ഒരു മഹിന്ദ്രാ വാന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. കെ എല്‍ 16 ബി 28 എന്ന നമ്പറില്‍ ഉള്ള ഈ 2004 മോഡല്‍ മാക്സി കാബ് കേരളത്തില്‍ നിന്നും 13,560 കിലോമീറ്റര്‍ ഓടി ഹോളണ്ടില്‍ യാത്ര അവസാനിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ്‌ സ്വദേശികളായ ഡേറിക്കും ഭാര്യ പൌലിനുമാണ് ഈ വാഹനത്തില്‍ കേരളത്തില്‍ നിന്നും റോഡ്‌ മാര്‍ഗം സഞ്ചരിച്ച് ഹോളണ്ടില്‍ എത്തിയത്. ബ്രിംഗ് ആസ് ഹോം എന്ന പേരില്‍ ഇരുവരും ആരംഭിച്ച യാത്രയാണ് കഴിഞ്ഞ ദിവസം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ജോലി രാജിവെച്ചശേഷം ലോകം ചുറ്റുവാന്‍ ഇറങ്ങിതിരിച്ചത്. ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പ് ഇരുവരും നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നു. അതിനുശേഷമാണ് ഇരുവരും തിരിച്ചു നാട്ടിലേയ്ക്ക് പോകുവാന്‍ ഇത്തരം ഒരു വഴി കണ്ടുപിടിച്ചത്. തിരികെയുള്ള യാത്രയ്ക്ക് തങ്ങളുടെ കയ്യിലുള്ള കാശ് മുഴുവന്‍ കൊടുത്ത് ഒരു വാന്‍ വാങ്ങുക അതില്‍ റോഡ്‌ മാര്‍ഗ്ഗം തിരികെ ഹോളണ്ടില്‍ എത്തുക അതായിരുന്നു ഇരുവരുടെയും ലക്ഷ്യം. കയ്യില്‍ വണ്ടിക്ക് ഡീസല്‍ അടിക്കാന്‍ പോലും കാശില്ലാതിരുന്ന ഇരുവരും തുടര്‍ന്നാണ്‌ ബ്രിംഗ് ആസ് ഹോം എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയത്. 15073378_1 ഇതിനെ തുടര്‍ന്ന്‍ ഒരു ഫേസ്ബുക്ക് പേജും ഇവര്‍ നിര്‍മ്മിച്ചു. തങ്ങള്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണം എന്ന് ഇവര്‍ പേജിലൂടെ ലോകത്തോട്‌ ആവശ്യപ്പെട്ടു അത് 50,100, 1000 എത്ര രൂപയായാലും കുഴപ്പമില്ല നിങ്ങളുടെ ഓരോ സഹായവും തങ്ങളുടെ വീട്ടിലേയ്ക്കുള്ള ദൂരം കുറയ്ക്കും എന്ന് അവര്‍ പറയുന്നു. നാല് മാസം കൊണ്ടാണ് ഇരുവരും തിരികെ ഹോളണ്ടില്‍ എത്തിയത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന്‍ , ഇറാന്‍, തുര്‍ക്കി തുടര്‍ന്ന്‍ യൂറോപ്പില്‍ എത്തിച്ചേര്‍ന്നു. യാത്രയില്‍ മരുഭൂമിയിലും ഹിമാലയത്തിലും പോലും വാഹനം യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കിയില്ല എന്ന് ഡേറിക്കും സാക്ഷ്യപ്പെടുത്തുന്നു. വാഹനം വാങ്ങിയ ഇരുവരും കുറച്ചു മിനുക്കുപണികള്‍ നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം എങ്കിലും തിരികെയുള്ള യാത്രയാണ് തങ്ങളെ കൂടുതല്‍ അടുപ്പിച്ചത് എന്ന് ഇരുവരും പറയുന്നു. ഗംഗാ നദിയുടെ സമീപത്ത് വെച്ച് ഡേറിക്ക് പൌലിനെ ചെയ്യുവാന്‍ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. കേട്ടവര്‍ എല്ലാം ഇവര്‍ യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനം കണ്ടു അന്തംവിട്ടു എന്നതാണ് സത്യം. സമാന്തര സര്‍വീസ് നടത്താനും, സ്കൂള്‍ കുട്ടികള്‍ക്ക് പോകുവാനും മറ്റുമാണ് മലയാളികള്‍ ഈ വാഹനം ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ദൂരയാത്രകള്‍ക്ക് ഏറ്റവും മികച്ച വാഹനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന മലയാളികള്‍ക്ക് ഒരേസമയം അത്ഭുതവും അഭിമാനവുമായി മാറിയിരിക്കുകയാണ് ഈ കെ എല്‍ 16 ബി 28 എന്ന നമ്പറില്‍ ഉള്ള ഈ 2004 മോഡല്‍ മഹിന്ദ്രാ മാക്സി കാബ് വാന്‍.