നാട്ടാരെ ഉണരൂ…അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ യാചകര്‍ കൊണ്ടുപോയി കൊല്ലാകൊല ചെയ്യും!
തിരുവനന്തപുരം: കേരളത്തിലെ യാചകരില്‍ പലരും ഒരു നേരത്തെ ആഹാരത്തിനു വഴിതേടുന്ന സാധാരണകാരല്ല. കഴിഞ്ഞ കുറെ നാളുകളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഞെട്ടിക്കുന്ന കഥകളാണ്. വന്‍യാചക മാഫിയയുടെ കണ്ണികളാണ് ഈ യാചകരില്‍ പലരുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമങ്ങളും, പട്ടണങ്ങളും, നഗരങ്ങളും എന്ന് വേണ്ട പല സ്ഥലങ്ങളിലും ഈ ശൃംഖല വളരെ ശക്തമാണ്.
എറണാകുളത്തു നിന്നും കണ്ണൂര്‍ക്ക് പോയ പരശുരാം എക്‌സ്പ്രസ്സില്‍ യാത്രാമധ്യേ തലശ്ശേരിയില്‍ വച്ച് ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍ 5 വയസ്സുള്ള ആണ്‍കുട്ടിയെ ഒരാള്‍ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം യാത്രക്കാര്‍ വിഫലമാക്കിതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് ശരിയോ, തെറ്റോ ആകട്ടെ, അത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതായി കാണുന്നു. വഴിയില്‍ നിന്നും കുട്ടികളെ തട്ടിയെടുക്കുന്നതും, ഓമ്‌നി വാന്‍ തുടങ്ങി മേല്‍ത്തരം വാഹനങ്ങള്‍ വരെ ഉപയോഗിച്ച് കുട്ടികളെ കടത്തികൊണ്ടുപോകുന്നതുമായ വിവിധ കുറ്റകൃത്യങ്ങളാണ് ഭിഷാടന മാഫിയുടേതായി ഓരോ ദിവസവും പുറത്ത് വരുന്നത്.
കുട്ടികളെ തട്ടികൊണ്ടു കൊണ്ടു പോയി കൈയും കാലും മുറിച്ചു മാറ്റുക, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുക, ചൂട് വെള്ളം ഒഴിച്ച് പൊള്ളിക്കുക തുടങ്ങിയ രീതിയില്‍ കിരാതമായി അംഗവൈകല്യം ഉണ്ടാക്കിയാണ് കുട്ടികളെക്കൊണ്ട് ഭിക്ഷ എടുപ്പിക്കുന്നത്. കുട്ടികളെ മാഫിയയുടെ കൈകളില്‍ എത്തിക്കാന്‍ ലോക്കല്‍ ഏജന്റുമാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ സജീവം. കുട്ടികളെ കൊടുക്കുന്നവര്‍ക്ക് വലിയൊരു തുക ഒറ്റയടിക്ക് പ്രതിഫലം ലഭിക്കും. കോടികള്‍ കൈമറിയുന്ന അവയവ കച്ചവടം പോലും നടത്തുന്ന കുറ്റവാളികള്‍ വാഴുന്ന മേഖലയാണ് ഈ ഭിക്ഷാടന മാഫിയയുടേതും.
എന്താണ് സമൂഹത്തിന് ചെയ്യാനുള്ളത്?
നമ്മുടെ കുട്ടികള്‍ അല്ലാത്തതുകൊണ്ട് ഏതെങ്കിലും സംഭവിക്കട്ടെ എന്ന് കരുതി നിഷ്‌ക്രിയരാകരുത്. പോലീസിന്റെയും, രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കുമൊപ്പം സാധാരണക്കാരും ഉണര്‍ന്നാല്‍ ഒരു പരിധിവരെയെങ്കിലും നമ്മുടെ കുരുന്നുകള്‍ യാചകരിലേയ്ക്ക് എത്താതിരിക്കാന്‍ നമ്മുടെ ജാഗ്രത സഹായിക്കും. സദാചാര പോലീസുകാര്‍ കമിതാക്കളുടെ പിറകെ നടക്കാതെ കുട്ടികളെ സംരംക്ഷിക്കട്ടെ! സമൂഹത്തിന്റെ ശ്രദ്ധ അതീവ രഹസ്യ സ്വഭാവമുള്ള കുറ്റകൃത്യങ്ങളെപോലും ചിലഘട്ടങ്ങളില്‍ നിഷ്പ്രഭവമാക്കും. സംസ്ഥാനത്തിന്റെ ഓരോ ഭാഗങ്ങളിലും മാറിമാറിയാണ് ഇവറ്റകള്‍ വല വിരിക്കുന്നത്. രാഷ്ട്രീയ സാമുദായിക വ്യത്യാസം ഇല്ലാതെ കുട്ടികളുടെ ക്ഷേമത്തിനായി ഒറ്റകെട്ടായി വര്‍ത്തിക്കുക. കാരണം അവരാണ് നാളത്തെ നമ്മുടെ സമൂഹം.
ദയതോന്നി ഒരു കാരണവശാലും ഭിക്ഷ കൊടുക്കരുത്. അത് എത്തുന്നത് അവരുടെ കണ്ണുകള്‍ പൊട്ടിച്ച, കൈകാലുകള്‍ മുറിച്ചു മാറ്റിയ മാഫിയയുടെ കൈകളിലാണ് എന്ന് ഓര്‍ക്കുക. കുറെ നാള്‍ വരുമാനം കിട്ടാതെ വരുമ്പോള്‍ തനിയെ നിലയ്ക്കുന്ന ഒരു ബിസിനസ്സാണ് ഭിക്ഷാടനം. അഥവാ അവരോട് കരുണ തോന്നുന്നെങ്കില്‍ വിശപ്പിനായി മറിച്ചു വില്‍ക്കാന്‍ കഴിയാത്ത ഭക്ഷണം വാങ്ങി കൊടുക്കുക. 99 ശതമാനവും യാചകരും ഭക്ഷണം സ്വീകരിക്കില്ല, അവര്‍ക്കു വേണ്ടത് കാശാണ്, മരുന്ന് വാങ്ങിച്ചു കൊടുത്താല്‍ വേണ്ട, മരുന്നിനുള്ള പണം മതി. അവരെ അയക്കുന്നവര്‍ക്ക് വേണ്ടത് പണമാണ്, പണം മാത്രം. നല്‍കാതിരിക്കുക അത്! യാചകരെ ഒരിക്കലും വീട്ടില്‍ കയറ്റരുത്. സ്ഥിരമായി കാണുന്ന യാചകരെ നിരീക്ഷിക്കുക.
അപരിചിതര്‍ക്ക് കുട്ടികളുടെ അടുത്ത് എന്തു കാര്യം? കുട്ടികളെ ഒറ്റയ്ക്ക് എങ്ങും അയക്കാതിരിക്കുക. വെറും ഒരു മിനിറ്റു പോലും വേണ്ട കുട്ടികളെ തട്ടിയെടുത്തു വാഹനത്തിനുള്ളില്‍ കടത്തികൊണ്ട് പോകാന്‍. സ്വന്തം വീട്ടുമുറ്റം പോലും സുരക്ഷിതമല്ല എന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അപരിചിതര്‍ സമീപിച്ചാല്‍ ഒഴിഞ്ഞു മാറിപ്പോകാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. അപരിചിതര്‍ വെയ്റ്റിംഗ് സ്ഥലത്തോ ട്രെയിനിലോ വച്ച് നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങാതിരിക്കുക.
വഴിയില്‍ പോലീസിന്റെ വാഹന പരിശോധന നടത്തുമ്പോള്‍ ഒരു കാരണവശാലും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റിട്ട് കാണിച്ചു സിഗ്‌നല്‍ കൊടുക്കരുത്. ഒരു പക്ഷെ നിങ്ങള്‍ രക്ഷിക്കുന്നത് ഒരു ജീവിതമായിരിക്കും. അതുപോലെ സംശയാസ്പദമായി വാഹനമോ ആളുകളെയോ കണ്ടാല്‍ അവരുടെ ശ്രദ്ധയില്‍പ്പെടാതെ വിവരം പോലീസിനെ അറിയിക്കുക.
നമ്മുടെ കുഞ്ഞുങ്ങള്‍ കണ്ണുപൊട്ടന്മാരായി ഉത്സവപ്പറമ്പിലും തെരുവിലും അന്യന്റെ മുന്‍പില്‍ കൈനീട്ടി നടക്കുന്നതും, ഓവര്‍ ബ്രിഡ്ജുകള്‍ക്കടിയിലും കടത്തിണ്ണയിലും തണുത്തു വിറച്ചുറങ്ങുന്നതും നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? ഉണരുക, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കവചമാകുക…