കേരളത്തിനെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍

പാലക്കാട് : കേരളത്തിനെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍ എന്ന് പഠനങ്ങള്‍. മഴകുറഞ്ഞതിനു പിന്നാലെ സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരക്കില്‍ നാല് മീറ്റര്‍ വരെ കുറവ് കണ്ടെത്തിയത് വേനല്‍ കാലത്തിലെ ദുരിതങ്ങള്‍ ചരിത്രത്തില്‍ ഇല്ലാത്ത നിലയില്‍ എത്തിക്കും എന്ന് വ്യക്തമായി. 14 ജില്ലകളിലായി 1,334 കിണറുകളില്‍ നടത്തിയ പഠനത്തില്‍ 1,107 എണ്ണത്തിലും (82.92 ശതമാനം) ജലനിരപ്പ് താഴ്ന്നതായി കണ്ടെത്തി. മൂന്നുമുതല്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി മഴയില്ലാതെ വരുമ്പോഴുള്ള വരള്‍ച്ചാ സ്ഥിതിവിശേഷമാണ് കേരളത്തിലേതെന്നാണ് റിപ്പോര്‍ട്ട്. സാധാരണ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷമഴയില്‍ കിണറുകളില്‍ വെള്ളം നിറഞ്ഞുകിടക്കേണ്ടതാണ്. അറുപതുശതമാനത്തില്‍ കൂടുതല്‍ കിണറുകളില്‍ ജലനിരപ്പ് താഴുന്നതുതന്നെ വരള്‍ച്ചയുടെ രൂക്ഷതയാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് വീണ്ടും കുറയാനാണ് സാധ്യത. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് നാലുമീറ്റര്‍വരെ ജലനിരപ്പ് താഴ്ന്നിരിക്കുന്നത്. ചിലസ്ഥലങ്ങളില്‍ നാലുമീറ്ററില്‍ കൂടുതല്‍ താഴ്ന്നിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് താഴെയുള്ള ആലപ്പുഴ ജില്ലയില്‍ പോലും ജലനിരപ്പ് താഴ്ന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം പത്തനംതിട്ട ജില്ലയില്‍ ജലനിരപ്പില്‍ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ല.