ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അല്‍ഖര്‍ജ് കമ്മറ്റി രൂപികരിച്ചു
റിയാദ്: പ്രവാസ ജീവിതമാകുന്ന തീച്ചൂളയിലൂടെ കടന്ന് പോകുന്ന പ്രവാസ ലോകത്തെ മലയാളികള്‍ക്ക്, ഏറ്റവും പുതിയ സാമൂഹ്യ സമ്പര്‍ക്ക വാര്‍ത്ത വിനിമയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി, പോസിറ്റീവ് എനര്‍ജി പകര്‍ന്ന് കൊടുത്തുകൊണ്ടും, ജീവിത വിജയം സ്വപ്നം കാണാന്‍ പഠിപ്പിച്ചും, മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടു സഹജീവികള്‍ക്ക് ജീവിതത്തില്‍ പ്രകാശം പകരുക എന്ന ലക്ഷ്യത്തോടെ, ഗ്ലോബല്‍ സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) അല്‍ ഖര്‍ജ് കമ്മറ്റി രൂപികരിച്ചു.
സാബു ഫിലിപ്പിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ഷാനവാസ് യൂണിറ്റിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സി.സി മെമ്പറും സൗദി കോഡിനേറ്ററുമായ സ്റ്റാന്‍ലി ജോസ് സംഘടനയെ പരിചയപ്പെടുത്തി. അല്‍ഖര്‍ജിലെ സാമൂഹിക പ്രവര്‍ത്തകരും വ്യവസായ പ്രമുഖരുമായ ബഷീര്‍ ഫവാരിസ്, അസീസ്, ഷാഹിദ് അലി ഗ്ലോബല്‍ ഫൗണ്ടര്‍ മെമ്പര്‍ നജീബ് എരമംഗലം, സെന്‍ട്രല്‍ കമ്മറ്റി ഉപദേശക സമിതി അംഗം സിദ്ദിക്ക് കല്ലൂപ്പറമ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
ഗ്ലോബല്‍ ഫൗണ്ടര്‍ മെമ്പര്‍ നൗഷാദ് ആലുവയുടെ നേതൃത്വത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഡോ ഷാനവാസ്, ഡോ. ഹാഷിം (രക്ഷാധികാരികള്‍), ബഷീര്‍ ഫവാരിസ് (പ്രസിഡന്റ്) ഷാഹിദ് അലി, ശ്രീജിത്ത് (വൈസ് പ്രസിഡന്റ്) സജു മത്തായി തെങ്ങുവിളയില്‍ (സെക്രട്ടറി), നജീബ് എരമംഗലം, അസീസ് (ജോയിന്റ് സെക്രട്ടറി) എബ്രഹാം ഉമ്മന്‍ (ട്രഷറര്‍), ജാഫര്‍ ചെമ്മാട് (ഹ്യൂമാനിറ്റി കണ്‍വീനര്‍), ഷെരീഫ് (ജോ. ‘ഹ്യൂമാനിറ്റി കണ്‍വീനര്‍), ആബിദ് പൂഞ്ചോല (മീഡിയ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഗ്ലോബല്‍ ഫൗണ്ടര്‍ മെമ്പര്‍ മുഹമ്മദ് കായംകുളം ഡബ്‌ള്യു.എം.എഫിന്റെ കലണ്ടര്‍ ഷാജിദ് അലിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. യാദ് സെന്‍ട്രല്‍ കമ്മറ്റി പ്രതിനിധികളായി സലാം പെരുമ്പാവൂര്‍, നാസര്‍ ലൈസ്, ബഷീര്‍ കോതമംഗലം, ഇക്ബാല്‍ താമരശ്ശേരി, ഹരിദാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സാജു മത്തായി സ്വാഗതവും നാസര്‍ ലൈസ് നന്ദിയും പറഞ്ഞു.
കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.
രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.