റിപ്പബ്ലിക്ക് ദിനആഘോഷം ; വിമാനം ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട് ; കനത്ത ജാഗ്രത

ന്യൂഡല്‍ഹി : രാജ്യം നാളെ റിപ്പബ്ലിക്ക് ദിനആഘോഷങ്ങള്‍ക്ക് ഒരുങ്ങവേ തീവ്രവാദ ഭീഷണിയില്‍ രാജ്യ തലസ്ഥാനം. ഭീകരാക്രമണമുണ്ടാവാമെന്ന ഇന്റലിജന്‍സ് നിര്‍ദേശത്തെ തുടര്‍ന്ന്‍ ഡല്‍ഹിയില്‍ മാത്രം 50,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ ആകാശ അക്രമങ്ങളെ തടയാന്‍ ആന്റി ഡ്രോണ്‍  ടെക്നോളജിയും ഉപയോഗിക്കുമെന്ന് സൈന്യം അറിയിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ലഷ്‌കറെ തൊയ്ബ ഡല്‍ഹിയില്‍ അക്രമണം നടത്താന്‍ ചാര്‍ട്ടേര്‍ഡ് ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചേക്കാമെന്ന  ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പഴുതടച്ചുള്ള സുരക്ഷയ്ക്ക് അധികൃതര്‍ തയ്യാറെടുക്കുന്നത്.  ഇങ്ങനെയുള്ള അക്രമങ്ങളെ തടയുക എന്ന ഉദ്ദേശത്തോടെയാണ് ആന്റി ഡ്രോണ്‍ ടെക്‌നോളജിയും ഇത്തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത്.  കൂടാതെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ പ്രത്യേക തോക്കുകളുമായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.   രാഷ്ട്രപതി ഭവന്‍ സ്ഥിതി ചെയ്യുന്ന രാജ്പഥിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.