ആംബുലന്‍സിന് പണമില്ല ; മോപ്പഡില്‍ മകളുടെ മൃതദേഹവുമായി അച്ഛന്‍; പണമില്ലാത്തവര്‍ക്ക് മരണം പോലും നിഷേധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ
കര്‍ണാടക : ജനങ്ങള്‍ പണമില്ലാതെ ജീവിക്കാന്‍ വളരെയധികം കഷ്ട്ടപ്പെടുന്ന രാജ്യമായി മാറിവരികയാണ് ഇന്ത്യ.എന്നാല്‍ ജീവിക്കാന്‍ മാത്രമല്ല കൈയ്യില്‍ പണമില്ല എങ്കില്‍ മരണം പോലും ഇവിടെയുള്ള സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുകയാണ് എന്നതാണ് സത്യം . ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ഭാര്യയുടെ മൃതദേഹം ചുമന്നുനടന്ന ഭര്‍ത്താവിന്‍റെ ചിത്രം ഇപ്പോഴും പലരുടെയും കണ്ണില്‍ തന്നെയുണ്ട്. അതിനുശേഷവും സമാനമായ ചില സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് ശമനമില്ല എന്നതാണ് സത്യം. ഇപ്പോളിതാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ മകളുടെ മൃതദേഹം പിതാവ് കൊണ്ട് പോയത് മോപ്പഡില്‍ . കര്‍ണാടകയിലെ മധുഗിരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിക്‍മംഗ്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വീരപുര ഗ്രാമത്തിലെ തിമ്മപ്പ എന്ന പിതാവിനാണ് ഈ ദുര്‍വിധി. കൂലിപ്പണിക്കാരായ തിമ്മപ്പയുടെയും ഗൗരമ്മയുടെയും 20 വയസ്സുള്ള മകള്‍ രത്‌നമ്മയെ കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാല്‍ 20 കിലോ മീറ്റര്‍ അകലെയുയുള്ള സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കേയാണ് രത്നമ്മ മരിച്ചത്. പുറത്തു നിന്ന് വാഹനം വിളിക്കാന്‍ തിമ്മപ്പയുടെ കയ്യില്‍ പണമില്ലായിരുന്നു. ആംബുലന്‍സിനായി ഡോക്ടറെ സമീപിച്ചെങ്കിലും അദ്ദേഹം കൈമലര്‍ത്തി. മരണശേഷം ആംബുലന്‍സ് തരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രാജണ്ണ പറയുന്നു. തുടര്‍ന്ന് മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ ശരീരം മോപ്പഡില്‍ ഇരുത്തിയാണ് തിമ്മപ്പ വീട്ടില്‍ എത്തിച്ചത്.