നടിയുടെ ദൃശ്യങ്ങള്‍ സുനി സുഹൃത്തുക്കളെ കാണിച്ചിരുന്നു എന്ന് വിവരങ്ങള്‍

കൊച്ചി : കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി മൊബൈലിലെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളെ കാണിച്ചതായി പോലീസിന് സൂചന ലഭിച്ചു. സുനിയുടെ സുഹൃത്തുക്കളായ അമ്പലപ്പുഴ സ്വദേശി മനു കൂടാതെ മറ്റൊരാളും ഈ ദൃശ്യങ്ങള്‍ കണ്ടു എന്നാണു പോലീസിനു വിവരം ലഭിച്ചത്. സംഭവത്തിന് ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്കാണ് സുനി എത്തിയത്. ഇവിടെ ഏറെ നേരം സുനി ചിലവഴിച്ചിരുന്നു. ഈ സമയത്താണ് നടിയുടെ ചിത്രങ്ങളും  ദൃശ്യങ്ങളും സുഹൃത്തുക്കളെ കാണിച്ചതെന്നാണ് അറിയുന്നത്. അതേസമയം, സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.  അതുകൊണ്ടുതന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തുവനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ സംബന്ധിച്ച് കുഴയ്ക്കുന്ന മറുപടികള്‍ ആണ് സുനി പോലീസിനു നല്‍കിയിരിക്കുന്നത്. ഫോണ്‍ ഓടയിലെറിഞ്ഞു എന്നായിരുന്നു സുനി ആദ്യം അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഫോണ്‍ കായലില്‍ എറിഞ്ഞെന്ന് സുനി മൊഴിമാറ്റി. ഇതിനാല്‍ തന്നെ  മൊബൈല്‍ കണ്ടെത്തുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കേസില്‍ സുപ്രധാന തെളിവാണ്. മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലീസിന് പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്.