അഗതികള്‍ക്ക് തുണയായി ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഗംഭീര സമാപനം

വിയന്ന: പ്രോസി ഗ്ലോബല്‍ ഫൗണ്ടേഷന്‍ വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം. കേരളത്തിലെ ശാന്തിഗിരി റീഹാബിലിറ്റേഷന്‍ സെന്ററിലെയും, പൂനൈയിലെ മഹേര്‍ ആശ്രമത്തിലെയും അന്തേവാസികളായ അഗതികള്‍ക്കും വിഭിന്ന ശേഷിയുള്ള കുട്ടികള്‍ക്കും നിരാലംബരായ സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനാണ് ചാരിറ്റി ഷോ സംഘടിപ്പിച്ചത്.
വിയന്ന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനം ശ്രീലങ്ക നര്‍ത്തക സ്‌കൂളിലെ പ്രതിഭകളുടെ നൃത്തത്തോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് പ്രോസി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ശാന്തിഗിരിയുടെയും, മഹേര്‍ ആശ്രമത്തിന്റെയും പ്രവര്‍ത്തന മണ്ഡലങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനവും ഉണ്ടായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള സുഹേല്‍ അജാസ് ഖാന്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍), സാറാ സ്മിത്ത് ഡി കാസ്ട്രോ (ക്യൂബ എംബസി), ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എം.സി.സി വിയന്ന) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കോറോ യൂറോ ലാറ്റിനോ ടീമിന്റെ സംഗീതവും, മലയാളി കുട്ടികളുടെ ബോളിവുഡ് ഡാന്‍സും, സെനെഗാമ്പിയ ഗ്രൂപ്പിന്റെ നൃത്തവും, ബംഗാളി ഡാന്‍സും ഏറെ ശ്രദ്ധേയമായി. ജൂലിയ ചെവ്വൂക്കാരന്‍, നീന പേരുകാരോട്ട് എന്നിവര്‍ സംഗീതം ആലപിച്ചു. ചാരിറ്റി ഷോയോട് അനുബന്ധിച്ചു കുട്ടികള്‍ക്ക് വേണ്ടി ജോണ്‍ ചാക്കോ പള്ളിക്കുന്നേല്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനവും സമ്മേളനത്തില്‍ നടന്നു. തമ്പോല മത്സരത്തിന് സ്റ്റീഫന്‍ ചെവ്വൂക്കാരന്‍ നേതൃത്വം നല്‍കി.
വിയന്ന മലയാളികള്‍ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം ‘തൂവലിന്റെ’ ആദ്യപ്രദര്‍ശനവും, അഭിനേതാക്കള്‍ക്കും, അണിയറപ്രവര്‍ത്തകര്‍ക്കും സ്വീകരണത്തിനും ചാരിറ്റി ഗാല വേദിയായി. ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയ മോനിച്ചന്‍ കളപുരയ്ക്കല്‍ ചിത്രത്തിന്റെ പശ്ചാത്തലവും, ചിത്രീകരണ വിശേഷങ്ങളും പ്രേക്ഷരോട് പങ്കുവച്ചു. മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി ചിത്രം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
പരിപാടിയിലെ ശ്രദ്ധേയമായ ഇനമായിരുന്നു ബുര്‍ക്കിനാഫാസോയില്‍ നിന്നുള്ള ബാലഫോണ്‍ മ്യൂസിക് ഷോ. പരമ്പരാഗത വാദ്യോപകരണങ്ങളുമായി നടത്തിയ ഗാനമേള വ്യത്യസ്തമായ അനുഭവം സമ്മാനിച്ചു. എത്യോപ്യയന്‍ യുവതികളുടെ നൃത്തവും ഏറെ ശ്രദ്ധേയമായി. പ്രശസ്ത മ്യൂസിക് ബാന്‍ഡായ മോസ സിസിക്കും സംഘവും അവതരിപ്പിച്ച ലൈവ് ഷോയോട് കൂടി ഹോപ്പ് ഫോര്‍ ദി ബെസ്റ്റിനു സമാപനമായി.
ഷോയില്‍ നിന്നും ലഭിച്ച മുഴുവന്‍ തുകയും ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലങ്ങളിലെ അഗതികള്‍ക്കായി നല്‍കും. കഴിഞ്ഞ നാല് വര്‍ഷമായിട്ട് വിയന്നയില്‍ നടക്കുന്ന ഹോപ്പ് ഫോര്‍ ദി ബെസ്റ്റ് പരിപാടിയില്‍ ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളിലെ അര്‍ഹതപ്പെട്ടവരെയാണ് തിരഞ്ഞെടുക്കുന്നത്. ഓസ്ട്രിയയിലെ ഭവനരഹിതര്‍ക്കും, നമിബിയയിലെ കുട്ടികള്‍ക്കു വേണ്ടിയും ഇതേ പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.