വൃദ്ധരെയും അനാഥരെയും സംരക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിന്: കാരൂര്‍ സോമന്‍

പത്തനാപുരം: വൃദ്ധരെയും അനാഥരെയും സംരക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിനാണെന്ന് പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍. ഗാന്ധിഭവനില്‍ 818 -ാം ഗുരുവന്ദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.

വിദേശരാജ്യങ്ങള്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ മാതൃകയാക്കണം. സ്വാതന്ത്ര്യമെന്നാല്‍ ആ രാജ്യത്തെ പൗരന് സംരക്ഷണം നല്കുക എന്നതാണ്. അങ്ങനെ നോക്കിയാല്‍ ഇന്ത്യ ഇന്നും സ്വതന്ത്രമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്തേവാസികളെ സന്ദര്‍ശിച്ചശേഷം ഗാന്ധിഭവന്‍ സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തിലെത്തിയ കാരൂര്‍ സോമനെ നടന്‍ ടി.പി. മാധവന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ഗുരുവന്ദന സന്ദേശം നല്കി.

ടി. പി. മാധവന്‍. ഐ.എസ്.ആര്‍.ഒ. റിട്ട എന്‍ജിനീയര്‍ വര്‍ഗീസ് മാത്യു, കെ.എസ്.ഇ.ബി റിട്ട. എഞ്ചിനീയര്‍ കെ. തങ്കപ്പന്‍ പിള്ള, ഡോ. നാരായണന്‍ നായര്‍, എസ്. കെ. വിജയലക്ഷ്മി, എന്‍. രാജഗോപാല്‍ ആചാരി എന്നിവര്‍ പ്രസംഗിച്ചു.