ഇമാന്‍ മടങ്ങി ഭാരം കുറഞ്ഞില്ലെന്നു പരിഭവം; മടക്കം ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്
മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ശേഷം ഇമാന്‍ അഹമ്മദ് അബുദാബിയില്‍ എത്തി. അബുദാബിയിലെ ബുര്‍ജീല്‍ ആസ്പത്രിയിലാണ് ഇന്ന് മുതല്‍ ഇമാന്റെ തുടര്‍ ചികിത്സ നടക്കുക. വൈകിട്ട് ആറുമണിയോടെയാണ് ഈജിപ്ത് എയറിന്റെ പ്രത്യേകം സജ്ജമാക്കിയ എയര്‍ ആംബുലന്‍സില്‍ ഇമാനെ കയറ്റിയത്.
ഫെബ്രുവരി 11നാണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഇമാന്‍ ഈജിപ്തില്‍നിന്ന് ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയത്. ചികിത്സയിലൂടെ 328 കിലോഗ്രാമിന്റെ കുറവു വന്നതായി അവരെ ചികിത്സിച്ച സൈഫി ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഇത് തെറ്റാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്നാണ് ഇമാന്റെ ബന്ധുക്കള്‍ വേറെ ചികിത്സ തേടിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഇമാന് സൈഫി ആസ്പത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് നല്‍കിയത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്തിന്റെ സാന്നിദ്ധ്യത്തിലാണ് രേഖകള്‍ നല്‍കിയത്.





