ഇയു നേതാക്കളുമായി മോദിയുടെ നിര്‍ണായക ചര്‍ച്ച; ഇന്ത്യ-ഇയു വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും
ഇവിയാന്‍ (ഫ്രാന്‍സ്): ഫ്രാന്‍സിലെ ഇവിയാനില്‍ നടന്ന ജി-7 ഉച്ചകോടിയുടെ വേദിയില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായായിരുന്നു ഈ കൂടിക്കാഴ്ച.
അടുത്തിടെ ഇന്ത്യയില്‍ വച്ച് നടന്ന പതിനാറാമത് ഇന്ത്യ-ഇയു ഉച്ചകോടിക്ക് ശേഷം ഇരുപക്ഷവും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്. അത്യന്തം പ്രധാനപ്പെട്ട ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു. എത്രയും വേഗം ഈ കരാര്‍ ഒപ്പുവച്ച് നടപ്പിലാക്കാന്‍ ഇരുകൂട്ടരും യോജിപ്പ് പ്രകടിപ്പിച്ചു.
ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ സങ്കീര്‍ണമായി തുടരുന്ന ഈ സമയത്ത്, പുതിയ വ്യാപാര കരാര്‍ ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനുമിടയില്‍ വ്യാപാര-നിക്ഷേപ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തുന്നു. ആഗോള വിതരണ ശൃംഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്താനും സുരക്ഷിതമാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.
തുറന്ന വിപണി സമ്പദ്വ്യവസ്ഥയും ബഹുസ്വര സമൂഹവുമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ സംവിധാനങ്ങളെന്ന നിലയില്‍, പരസ്പര വിശ്വാസത്തിലും പങ്കിട്ട മൂല്യങ്ങളിലും ഊന്നിയാണ് ഇന്ത്യയും ഇയുവും മുന്നോട്ടുപോകുന്നത്. നേരത്തെ ഇരുപക്ഷവും രൂപപ്പെടുത്തിയ ‘സമഗ്ര തന്ത്രപരമായ അജണ്ട’യുടെ പുരോഗതിയും നേതാക്കള്‍ വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ ഇത് ഇരുപക്ഷത്തിനും പ്രയോജനകരമായ രീതിയില്‍ നയതന്ത്ര ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.
ഉഭയകക്ഷി ബന്ധത്തിനപ്പുറം, പ്രാദേശിക-ആഗോള സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയില്‍ ഇടം നേടി. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെ സ്വാഗതം ചെയ്ത നേതാക്കള്‍, ലോകത്ത് സമാധാനവും സുസ്ഥിര വികസനവും ഉറപ്പാക്കുന്ന ശക്തമായ ആഗോള ക്രമത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.



