‘അമ്മ’യില്‍ വീണ്ടും പൊട്ടിത്തെറി: സംഘടന കുറ്റാരോപിതരുടെ കൈയ്യിലേക്ക് പോകുന്നു, അജണ്ടവച്ച് പുറത്താക്കാന്‍ നീക്കം; അമ്മയില്‍ നിന്ന് രാജിവച്ച് ശ്വേത മേനോന്‍

താരസംഘടനയായ അമ്മയില്‍ കൂട്ടരാജി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഭരണസമിതി ഒന്നടങ്കം രാജിവച്ചു. താനും കമ്മിറ്റിയും രാജിവച്ചതായും അമ്മ സംഘടനയുടെ അംഗത്വം ഉപേക്ഷിച്ചതായും നടി ശ്വേതാ മേനോന്‍ പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്വേത.

അമ്മ സംഘടന വീണ്ടും കുറ്റാരോപിതരുടെ കൈയ്യിലേക്ക് പോവുകയാണെന്നും അജണ്ടവച്ച് പുറത്താക്കാന്‍ ശ്രമം നടന്നുവെന്നും ശ്വേത പറഞ്ഞു. ‘ഞാനും എന്റെ കമ്മിറ്റിയും രാജിവച്ചു. ഞാന്‍ വ്യക്തിപരമായി അമ്മ സംഘടനയുടെ അംഗത്വം ഉപേക്ഷിക്കുകയാണ്. മുന്‍പ് കുറച്ചു സ്ത്രീകള്‍ പറഞ്ഞതുപോലെ അമ്മ സംഘടന വീണ്ടും കുറ്റാരോപിതരുടെ കൈയ്യിലേക്ക് പോവുകയാണ്. അതിനുള്ള അജണ്ടയാണ് നടന്നത്,’ ശ്വേത പറഞ്ഞു.

രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തി അവിശ്വാസ പ്രമേയത്തിനായി ഒപ്പ് ശേഖരിച്ചുവെന്നും തങ്ങളുടെ കമ്മിറ്റിയിലെ കണക്കുകള്‍ കൃത്യമാണെന്നും ശ്വേത പറഞ്ഞു. മുന്‍ കമ്മിറ്റികളിലെ കണക്കുകളില്‍ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇന്ന് താന്‍ അമ്മയില്‍ അംഗമല്ലാത്തതുകൊണ്ടാണ് ഇതെല്ലാം പുറത്തു പറയുന്നതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലെ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു രാജിവയ്ക്കാന്‍ ശ്വേതയടക്കമുള്ള ഭരണസമിതി തീരുമാനിച്ചത്. റിപ്പോര്‍ട്ടും കണക്കും അംഗീകരിക്കാന്‍ വാര്‍ഷിക ജനറല്‍ബോഡി തയ്യാറായില്ലെന്നാണ് വിവരം. 17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നത്. നിലവില്‍ സംഘടനയുടെ ഭരണം താത്കാലിക സമിതിക്ക് നല്‍കുമെന്നാണ് സൂചന.