യു.ഡി.എഫിന്റെ കട്ടില്‍ കണ്ട് ഇനി മാണിയും ജോസും പനിക്കേണ്ട

കോട്ടയം: കെ.എം. മാണിക്കും, മകനും യു.ഡി.എഫിലേക്കുള്ള വാതില്‍ കൊട്ടിയടച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മാണിക്കും മകന്‍ ജോസ് കെ. മാണി എം.പിക്കും ഇനി യു.ഡി.എഫില്‍ പ്രവേശനം നല്‍കേണ്ടെന്നാണു കോണ്‍ഗ്രസ് തീരുമാനം. കേരളാ കോണ്‍ഗ്രസു (എം) മായുള്ള മൂന്നരപ്പതിറ്റാണ്ടത്തെ കോണ്‍ഗ്രസ്സ് കൂട്ടുകെട്ട് ഇതോടെ മാണിയ്ക്ക് നഷ്ടമായി.

അതേസമയം മാണിയും ജോസ് കെ. മാണിയുമില്ലാത്ത കേരളാ കോണ്‍ഗ്രസി (എം) നെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുമുണ്ട്. ഇവരെ ഒറ്റപ്പെടുത്തി, പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനു പ്രതീക്ഷ ഉണ്ട്. മാണി ഇടത്തോട്ടു നീങ്ങിയാല്‍ സ്വാഭാവികമായും ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ്. പാളയത്തിലെത്തും. പി.ജെ. ജോസഫിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജുമുണ്ടെങ്കില്‍ ശക്തമായ മറ്റൊരു കേരളാ കോണ്‍ഗ്രസ് രൂപീകരിക്കാന്‍ കഴിയുമെന്ന ചിന്തയും കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.

മാണിക്കെതിരേ ആഞ്ഞടിച്ച കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെയും കെ.സി. ജോസഫ് എം.എല്‍.എയുടെയും വാക്കുകളില്‍ ഭാവി രാഷ്ട്രീയനിലപാടുകളുടെ സൂചനകല്‍ ധാരാളമാണ്. കോട്ടയം ഡി.സി.സിയും മാണിയ്ക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. ഇതൊക്കെ നല്‍കുന്ന സൂചനകള്‍ അപ്പനെയും മകനെയും ഒരിക്കലും ഇനി യു.ഡി.എഫിനൊപ്പം കാണില്ല എന്ന് തന്നെയാണ്.