രണ്ട് പെണ്‍കുട്ടികള്‍ പകരുന്ന വിദ്യാഭ്യാസ ചിന്തകള്‍

ഈ കഴിഞ്ഞ ദിവസങ്ങളില്‍ സഹതാപവും വിമര്‍ശനവും ഐക്യദാര്‍ഢ്യവും സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ കാരണക്കാരായ രണ്ടു പെണ്‍കുട്ടികള്‍ സമകാലിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ന്യൂനതകളെ കാണിച്ചു തരുക മാത്രമല്ല, ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ ഇനിയും അമാന്തിക്കരുതെന്ന് കര്‍ക്കശമായി തന്നെ ആവശ്യപ്പെടുന്നുമുണ്ട്..ആദ്യമേ പറയട്ടെ,വൈകാരികമായി നിങ്ങളെ സംതൃപ്തിപ്ലെടുത്താനുളളതൊന്നും ഈ എഴുത്തിലില്ല…

1- മുഴുവന്‍ വിഷയങ്ങള്‍ക്കും A+ വാങ്ങി പ്ലസ്ടു വിജയിച്ച(ഏകദേശം മുഴുവന്‍ മാര്‍ക്കും) ,അതിന്റെ ആഘോഷം അടങ്ങും മുന്‍പ് സ്വയം ജീവനവസാനിപ്പിച്ച 17കാരി സ്വകാര്യത നശിപ്പിക്കുന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന News കാരണമാണെന്ന് പറയപ്പെടുന്ന ആത്മഹത്യ! ദാരിദ്ര്യം ആവശ്യപ്പെടുന്ന സ്വകാര്യതയെ കുറിച്ചും മാധ്യമങ്ങളുടെ സ്വകാര്യതാ നിഷേധത്തെ കുറിച്ചും പൂര്‍ണ ബോധ്യവതിയായിരിക്കെ തന്നെ, സാമൂഹികമായ വെല്ലുവിളികളോടുളള ആ പെണ്‍കുട്ടിയുടെ പ്രതികരണമാണ് പ്രതിപാദ്യ വിഷയം.

മുകളില്‍ സൂചിപ്പിച്ച വിദ്യാര്‍ത്ഥി നമ്മുടെ വിദ്യാഭ്യാസ(ഔദ്യോഗിക വിദ്യാഭ്യാസം Formal Education) സ്‌കെയില്‍ പ്രകാരം ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളാണ്. മുഴുവന്‍ വിഷയത്തില്‍ A+ നേടുക എന്നതും മുഴുവന്‍ മാര്‍ക്ക് നേടുക എന്നതും പറയുന്നത്രയും എളുപ്പമല്ലെന്ന് നമുക്കേവര്‍ക്കും ഉറപ്പുളളതാണ്. ശാരീരികവും മാനസികവുമായ ദുര്‍ബലമായ അവസ്ഥകളിലും കുറേ രാത്രികളിലെങ്കിലും ഉറക്കമൊഴിച്ചും ഉല്ലാസങ്ങള്‍ക്കും അവശതകള്‍ക്കും മുകളില്‍ പഠനത്തോടുളള ആവേശം നിറച്ചും പട വെട്ടി തന്നെയാണ് വിജയം നേടിയത്. തീര്‍ത്തും സുഖകരമായ സാഹചര്യമായിരുന്നില്ല/ആയിരിക്കില്ല ഒരു വിദ്യാര്‍ത്ഥിക്കും എല്ലായ്‌പ്പോഴും ഉണ്ടാകുക.പക്ഷേ ആ സാഹചര്യങ്ങളോട് തോറ്റു കൊടുക്കാതെ എന്താണോ വിദ്യഭ്യാസ വ്യവസ്ഥ മികച്ച വിദ്യാര്‍ത്ഥിയാകാന്‍ മാനദണ്ഡമായി വെച്ചത് ആ മാനദണ്ഡ പ്രകാരം പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചവള്‍…സാമൂഹിക വെല്ലുവിളികളോട് പരാജയപ്പെടാന്‍ അവളെ പ്രാപ്തയാക്കിയത് ‘വിജയം ‘ സമ്മാനിച്ച അതേ വിദ്യാഭ്യാസ മാനദണ്ഡങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം..

വിദ്യാഭ്യാസ രീതികളെ സാധാരണ ഗതിയില്‍ ഔപചാരികം(formal),അനൌപചാരികം(non-formal),ആനുഷംഗികം(informal) എന്നിങ്ങനെയാണ് തരം തിരിക്കാറ്. ലളിത സമൂഹങ്ങളില്‍ നിന്ന് ഇന്നു കാണുന്ന ആധുനിക സങ്കീര്‍ണ സമൂഹത്തിലേയ്ക്കുളള മാറ്റത്തിന്റെ ഭാഗമായി ആനുഷംഗിക വിദ്യാഭ്യാസ(non-formal) രീതി ദുര്‍ബലമോ(അപ്രത്യക്ഷമോ) ആകുകയും ഔദ്യോഗിക വിദ്യാഭ്യാസ രീതി കൂടുതല്‍ വ്യാപകമാകുകയും ചെയ്തു. കുടുംബമുള്‍പ്പെടെയുളള വിവിധ സാമൂഹീകരണ ഏജന്‍സികള്‍(socialization agencies) മാറ്റത്തിന് വിധേയമാകുകയും ചെയ്തതോടെ സാമൂഹികരണത്തിന്റെ ഉത്തരവാദിത്വം കൂടുതലും വിദ്യാഭ്യാസ വ്യവസ്ഥയില്‍(സ്ഥാപനങ്ങളില്‍ )നിക്ഷിപ്തമായി. അതിനാല്‍ ജൈവികമായ തലത്തില്‍ നിന്ന് സാമൂഹിക തലത്തിലേയ്ക്കുളള മനുഷ്യന്റെ വളര്‍ച്ചയ്ക്ക്, പ്രതിസന്ധികളോടുളള പ്രതികരണങ്ങള്‍ക്ക്,പ്രതിരോധങ്ങള്‍ക്ക് പ്രാപ്തയായ വ്യക്തിയാക്കി മാറാനുളള ‘താങ്ങായാണ്” ഞാന്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥി സമൂഹം വിദ്യാഭ്യാസത്തെ നോക്കി കാണുന്നത്. ലോണ്‍ എടുത്തും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുളള ആക്ഷേപങ്ങളെയും മറ്റും സഹിച്ചും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മുണ്ടു മുറിക്കിയുടുത്ത പഠിക്കാനയക്കുന്ന മാതാപിതാക്കളുടെയും പ്രതീക്ഷ ‘താങ്ങാകുന്ന വിദ്യാഭ്യാസമാണ്’. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പ്രാപ്തമാക്കുന്ന, സാമൂഹിക വര്‍ഗീകരണത്തില്‍ മികച്ച സ്ഥാനം പ്രധാനം ചെയ്യുന്ന, മികച്ച ഭൌതികമായ വരുമാനം നല്‍കുന്ന അങ്ങനെ കുറെയേറെ പ്രതീക്ഷകളുളള വിദ്യാഭ്യാസം.

പക്ഷേ, ഒന്നു മുതല്‍ 10 അല്ലെങ്കില്‍ +2 വരെ വികലമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ പോലും വിജയിക്കാന്‍ യോഗ്യത നേടാതെ ഉയര്‍ന്ന ക്ലാസുകളിലേയ്ക്ക് ‘ജയിച്ച്’ മുന്നേറുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ജീവിതത്തില്‍ ചില അനാരോഗ്യകരമായ പ്രവണതകള്‍ അവര്‍ പോലുമറിയാതെ ഗ്രഹിക്കുകയാണ്. തോല്‍വികളില്ലാത്ത ഔദ്യോഗിക വിദ്യാഭ്യാസം അമ്പേ തോല്‍വിയാണെന്ന് ആദ്യമേ മനസ്സിലാക്കുക..വെയിലത്ത് വാടാത്ത വ്യക്തികളെ തീയില്‍ വളര്‍ത്തിയെടുക്കാന്‍ നാം മറന്നു പോയി.

ഇനി മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിജയിച്ചവര്‍…കാണാതെ പഠിച്ചും എന്തെന്നു മനസ്സിലാകാത്ത എന്തൊക്കെയോ പഠിച്ചുമാണ് ഭൂരിപക്ഷം വിജയിക്കുന്നത്..English essays , maths and physics (qstns)proofs ഉള്‍പ്പെടെ കാണാതെ പഠിച്ചെഴുതുന്ന കുട്ടികളെ എനിക്കു നേരിട്ടറിയും. അവരില്‍ ചിലരെ പഠിപ്പിക്കാനും ചിലര്‍ക്കൊപ്പം.പഠിക്കാനുമവസരമുണ്ടായിട്ടുണ്ട്. 10 ,6 വിഷയങ്ങളില്‍ എന്തൊക്കെയോ പഠിപ്പിച്ചത് കൊണ്ടും മാര്‍ക്ക് വാങ്ങിപ്പിച്ചത് കൊണ്ടും വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമാകുമോ?
‘സംഘപൈതൃകം പകര്‍ന്നു നല്‍കാനുളള ഒരു വിനിമയ പ്രക്രിയ ‘ എന്ന അര്‍ത്ഥത്തിലാണ് സമൂഹശാസ്ത്രം( Sociology) വിദ്യാഭ്യാസത്തെ നോക്കി കാണുന്നത്.

‘വിദ്യാര്‍ത്ഥികള്‍ ഏത് സാമൂഹിക വിഭാഗത്തില്‍പ്പെട്ടവരായാലും വിദ്യാഭ്യാസം അവരില്‍ ചില ആശയങ്ങളും മനോവികാരങ്ങളും ശീലങ്ങളും ഉറപ്പിക്കണം..’ എമൈല്‍ ദുര്‍ഖീം( Emile Durkheim, Functionalist)
നാമെന്ത് എന്ന് ബോധ്യപ്പെടുത്താനും നാമെന്താകണമെന്ന് മനസ്സിലാക്കിക്കാനും പര്യാപ്തമായ വിദ്യാഭ്യാസമാണോ നിലവിലുളളത്? അതൊക്കെ ചേര്‍ന്നതാണല്ലോ സംഘപൈതൃകം…
നമ്മുടെ വിദ്യാഭ്യാസ രീതി പകര്‍ന്നു നല്‍കുന്ന ആശയങ്ങളും മനോവികാരങ്ങളും ശീലങ്ങളും എന്താണ്?
ഏറ്റവും മാര്‍ക്ക് വാങ്ങുന്നവന്‍ മികച്ച വിദ്യാര്‍ത്ഥിയെന്നതോ?
പഠനമെന്നത് തൊഴില്‍ നേടാനുള്ള ,വെറും ഭൌതിക വരുമാനം നേടാനുള്ള ഉപാധിയാണെന്നോ ..??
സംവരണമെന്നത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുളള ഉപാധിയാണെന്നോ?
Sociology ബിരുദ,ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ പോലും സംവരണത്തെ എതിര്‍ക്കുന്നത് ആരുടെ തോല്‍വിയാണ്?
ആ മനോവികാരവും പകര്‍ന്നു നല്‍കിയത് നാം നേടിയ വിദ്യാഭ്യാസമാകുമല്ലോ…
എന്തു ശീലങ്ങളാണ് നാം പകരുന്നത്?

അടുത്തിരിക്കുന്ന കൂട്ടുകാരന്റെ മതവും ജാതിയും നോക്കി കൂട്ടുകൂടാനോ, നമ്മുടെ തന്നെ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും കാണാതാക്കപ്പെടുകയും ചെയ്യുമ്പോഴും പുസ്തകത്തില്‍ മുഖം പൂഴ്ത്താനോ?
എന്താണ് ചരിത്രമെന്ന് ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി എന്താകും?
അത് നമുക്കുളള ഊര്‍ജ്ജമാണെന്ന് ഉത്തരം പറയുന്ന എത്ര കുട്ടികളെ കാണാനാകും?
അതെല്ലാം മറന്നേക്കൂ, അവര്‍ക്കെതിരെ ഒരു അനീതി അക്രമം നടന്നാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ചിട്ടുണ്ടോ?
ഒരു പെണ്‍കുട്ടി എന്ന നിലയില്‍ നേരിടുന്ന ഏറ്റവും നിസാരമെന്നു കരുതപ്പെടുന്ന ‘കമന്റടി -പൂവാല ശല്യങ്ങളെ’, ബസിലും നിരത്തിലും Social mediaയിലുമുളള ശല്യം ചെയ്യലുകളെ എങ്ങനെ നേരിടാനാണ് പ്രാപ്തയാക്കിയത്?
‘ അവരെ അവഗണിക്കൂ’ വെന്നത് എത്ര ‘മികച്ച’ പരിഹാരമാണ്/ പ്രതിരോധമാണ്?
ശരി,ഞാന്‍ അല്ലെങ്കില്‍ എനിയ്ക്കറിയുന്ന വ്യക്തി ലൈഗിംകമായി പീഡിപ്പിക്കപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് നാം ബോധ്യവതികളാണോ?

സാമൂഹികയിടങ്ങളില്‍ നിന്ന് ഉള്‍വലിയാനും കൂടിയാല്‍ ഒരു കേസ് ഫയല്‍ ചെയ്ത്, അന്വേഷകരുടെ അറപ്പുളവാക്കുന്ന ചോദ്യങ്ങളോട് മറുപടി പറഞ്ഞ്,മാധ്യമ വ്യഭിചാരത്തിന് സ്വന്തത്തിനെ വിട്ടു കൊടുത്ത് കുറ്റക്കാരന് ശിക്ഷ വിധിയ്ക്കുന്നതും കാത്ത് വര്‍ഷങ്ങള്‍ കഴിക്കാനോ??? അതാണോ പരിഹാരം?
അതല്ല പരിഹാരം …എന്താണ് പരിഹാരമെന്ന് ഞാനും നീയും പഠിപ്പിക്കപ്പെട്ടിട്ടില്ല..എങ്ങനെ പ്രതികരിക്കണമെന്ന്, എങ്ങനെ പ്രതിരോധിക്കണമെന്ന് നമുക്കറിയില്ല..

സ്വയമേ ആ വിദ്യ കരസ്ഥമാക്കിയ പെണ്‍കുട്ടി….രണ്ടാമത്തെ പെണ്‍കുട്ടി ??
2- തന്നെ ലൈഗിംകമായി ഉപദ്രവിക്കാന്‍ ശ്രമിച്ച വ്യക്തിയുടെ ലിംഗം മുറിച്ചെറിഞ്ഞ 23കാരി പെണ്‍കുട്ടി
ലൈഗിംകാതിക്രമങ്ങള്‍ പുത്തരിയല്ലാത്ത സമൂഹത്തില്‍ അത്തരം സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ ഒന്നുമേയില്ലാത്ത സമൂഹത്തില്‍ കാലം കഴിഞ്ഞ് കിട്ടിയേക്കാവുന്ന നീതി കാത്ത് അതിക്രമത്തിനിയായ പെണ്‍കുട്ടിയാകുക എന്നതായിരുന്നു അവളുടെ ‘ വിധി’.പക്ഷേ, അങ്ങനെയൊരു വിധിയ്ക്ക് നിന്നു കൊടുക്കുവാന്‍ എനിയ്ക്കു മനസ്സില്ലെന്ന് പറഞ്ഞ സ്വയം പ്രതിരോധം തീര്‍ത്ത അവള്‍ വിദ്യാ സമ്പന്നയാണ്.അവളാണ് വിദ്യാസമ്പന്ന.

ഞാനും നീയും ബലാല്‍സംഗ ഇരയാകാത്തത് അത്തരമൊരു സാഹചര്യം പ്രതിരോധിക്കാന്‍ കഴിവുളളവരായത് കൊണ്ടല്ല, ഒരുത്തനും കൈ വെക്കാത്തത് കൊണ്ടാണ്. കൈ വെക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ അവന്റെ ലിംഗം തന്നെ അറുത്തിടാന്‍ നമുക്കെത്ര പേര്‍ക്ക് കഴിയും…?

കൈ വിറയ്ക്കാതെ, മനസ്സ് തളരാതെ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത നമുക്ക് സ്വയം നേടാന്‍ ശ്രമിക്കാം. പ്രതിരോധം തീര്‍ക്കേണ്ട നിയമം, സമൂഹം തോല്‍ക്കുന്നിടത്ത് നമുക്ക് തോല്‍ക്കാതിരിക്കാനുളള പ്രതിരോധം മാത്രമാണ് ഈ മുറിക്കല്‍( അതൊരു നിയമമായി വേണമെന്നുളള വാദഗതികളോട് പൂര്‍ണമായും വിയോജിക്കുന്നു പക്ഷേ,വ്യക്തിയുടെ പ്രതിരോധമെന്ന തലത്തില്‍ പൂര്‍ണമായ യോജിപ്പ്)…
സ്വയം അതിജീവനം സാധ്യമാക്കുന്ന,താങ്ങ് നല്‍കുന്ന,താങ്ങാവുന്ന തോതിലെ വിദ്യാഭ്യാസ വിജയികളെ സൃഷ്ടിക്കാന്‍ ഇനിയും അമാന്തമരുത്…
(NB: സമകാലികമായുളള ചില ആത്മഹത്യകളെ പ്രത്യേക സാഹചര്യത്തില്‍ മഹത്വവല്‍കരിച്ചതും മറ്റും കാരണമായിട്ടുണ്ടോയെന്നു കൂടി പരിശോധിക്കപ്പെടേണ്ടതാണ്.

‘ആശയങ്ങളും ശീലങ്ങളും ഉറപ്പിക്കുന്ന,ഒരു പ്രത്യേക തൊഴിലിനായി പ്രാപ്തയാക്കുന്ന, സമൂഹത്തിലെ കാതലായ മൂല്യങ്ങള്‍ ഉള്‍കൊളളുന്ന ഒരു വിദ്യാഭ്യാസമേകുന്ന പൊതു അടിത്തറയില്ലാതെ ഒരു സമൂഹത്തിനും അതിജീവിക്കാനാകില്ല’ – എമൈല്‍ ദുര്‍ഖീം.
ഈ പറഞ്ഞവയൊന്നും നമ്മുടെ വിദ്യാഭ്യാസത്തിന് ഇല്ലാത്തതിനാല്‍ അതിജീവനം എത്ര കണ്ടു നടപ്പിലാകുമെന്ന് കണ്ടറിയണം…)
ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിക്കണം.

­