ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്
ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നും പ്രശ്‌ന പരിഹാരത്തിന് ഇടപെടാന്‍ തയാറാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്നും തുര്‍ക്കി അഭ്യര്‍ഥിച്ചു. ജി.സി.സി. അംഗ രാജ്യങ്ങള്‍ക്കിടയിലെ പിണക്കം മാറ്റാന്‍ ഇക്കുറിയും കുവൈത്ത് ഇടപെടലുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരം വിഷയങ്ങളില്‍ കുവൈത്ത് പുലര്‍ത്തിവരുന്ന നിലപാടുകള്‍ ജി.സി.സി ഐക്യത്തിന് കരുത്തു പകര്‍ന്നിട്ടുണ്ട്.
അംഗരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സൗദിയും ബഹ്‌റൈനും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ ഥാനിയും ബുധനാഴ്ച കുവൈത്ത് അമീറിനെ സന്ദര്‍ശിച്ചിരുന്നു. റമദാന്‍ ആശംസകള്‍ കൈമാറാനുള്ള സന്ദര്‍ശനമാണെങ്കിലും കുവൈത്ത് അമീറിന്റെ മാധ്യസ്ഥ്യശ്രമങ്ങളുടെ ഭാഗമായാണിതെന്നാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
അതേസമയം, നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. സാധാരണ ജനങ്ങളെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സൗദി അതിര്‍ത്തി അടച്ചെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. എന്നാല്‍, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ഖത്തറിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് പാല്‍, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങള്‍.









