മനുഷ്യക്കടത്ത്: 9 പേര്‍ ചൂടേറ്റ് മരിച്ചു, ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

പി.പി. ചെറിയാന്‍

സാന്‍ അന്റോണിയൊ: അനധികൃതമായി ട്രെയ്‌ലര്‍ ട്രക്കില്‍ യാത്രക്കാരെ കുത്തി നിറച്ചു ഒമ്പത് പേര്‍ ചൂടേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ഫ്‌ളോറിഡായില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ജൂലായ് 23 ഞായറാഴ്ച രാവിലെ സാനന്റോണിയായിലെ വാള്‍ മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലാണ് ട്രക്ക് കണ്ടെത്തിയത്. ഉള്ളില്‍ നിന്നും നിലവിളി കേട്ടതിനെ തുടര്‍ന്ന് വാള്‍ മാര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസില്‍ നടത്തിയ പരിശോധനയില്‍ 39 പേര്‍ ട്രക്കിനകത്തുണ്ടായിരുന്നതായി കണ്ടെത്തി.ട്രക്കിനകത്ത് ആവശ്യമായ വായു സഞ്ചാരം ലഭിക്കാതിരുന്നതും, ശക്തമായ ചൂടുമാണ് ഒമ്പതി പേര്‍ മരിക്കാനിടയായതെന്നും, ശേഷിക്കിന്ന 30 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും സാന്‍ അന്റോണിയൊ പോലീസ് ചീഫ് വില്യം മക്കമനസ് പറഞ്ഞു.

8 പേര്‍ ട്രക്കിനകത്ത്വെച്ചും ഒരാള്‍ ആശുപത്രിയിലെത്തിയുമാണ് മരണമടഞ്ഞത്. മരിച്ചവര്‍ എല്ലാവരും പ്രായപൂര്‍ത്തി ആയവരായിരുന്നവരായിരുന്നെന്നും, എന്നാല്‍ ഇവര്‍ എവിടെ നിന്ന് എങ്ങോട്ടാണ് പോയിരുന്നതെന്ന് വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷമേ വെളിപ്പെടുത്താനാകൂ എന്ന് ചീഫ് പറഞ്ഞു.ട്രക്ക് ഡ്രൈവര്‍ക്കെതിരെ സ്റ്റേറ്റ് ഫെഡറല്‍ കേസ്സുകള്‍ ചാര്‍ജ് ചെയ്യുമെന്ന് ഐ സി ഇ ഡയറക്ടര്‍ തോമസ് ഹോമാന്‍ പറഞ്ഞു.